Kottayam Local

വരള്‍ച്ച തുടങ്ങി; എങ്ങുമെത്താതെ കരിമ്പുകയം പദ്ധതി

കാഞ്ഞിരപ്പള്ളി: വേനല്‍ കടുത്തതോടെ കുടിവെള്ള സ്രോതസ്സുകള്‍ വറ്റിവരളുന്നു. കുടിവെള്ള വിതരണം നടത്തേണ്ട വാട്ടര്‍ അതോറിറ്റിയുടെ കരിമ്പുകയം ശുദ്ധ ജലവിതരണ പദ്ധതിയും പ്രതിസന്ധിയിലായി. തടയണയുടെ ഷട്ടര്‍ തുറന്നു വിട്ടതോടെ വെള്ളം കുറഞ്ഞ നിലയിലാണ് പദ്ധതി പ്രദേശം. അതിനാല്‍ ഇത്തവണ കുടിവെള്ള വിതരണം മേഖലയിലാകെ താളം തെറ്റും. ഒമ്പതു വര്‍ഷം മുമ്പ് ആരംഭിച്ച കോടികളുടെ നവീകരണ ജോലികള്‍ ഇതുവരെ പൂര്‍ത്തിയാക്കാനും കുടിവെള്ള വിതരണം നടത്താനും കഴിഞ്ഞിട്ടില്ല. അഞ്ചു പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണം ലക്ഷ്യമിട്ടാണ് കരിമ്പുകയം പദ്ധതിയുടെ നവീകരണം തുടങ്ങിയത്. പഴയ ഇരുമ്പു പൈപ്പുകള്‍ മാറ്റി പുതിയ പിവിസി പൈപ്പുകള്‍ ചിലയിടങ്ങളില്‍ സ്ഥാപിക്കുകയും ടാങ്കുകള്‍ നിര്‍മിക്കുകയും ചെയ്തതാണ്. പൊന്‍കുന്നം ടൗണിലേയും കുന്നുംഭാഗത്തേയും കൂറ്റന്‍ സംഭരണികള്‍ യഥാസമയം നിറയ്ക്കാനും അധികൃതര്‍ക്കാവുന്നില്ല. ഉപഭോഗത്തിന് അനുസരിച്ച് ഓരോയിടത്തെയും സംഭരണികളിലേക്ക് വെള്ളമെത്തുന്നില്ല. വാട്ടര്‍ അതോറിറ്റിയുടെ ഒരിഞ്ചു പൈപ്പ് പോലും എത്താത്ത ഏക പഞ്ചായത്താണ് എലിക്കുളം. കരിമ്പുകയം പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ എലിക്കുളത്തും വെള്ളമെത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇതെല്ലാം പാതിവഴിയിലാണ്. എലിക്കുളം പഞ്ചായത്തിന്റെ അതിര്‍ത്തിയായ പിപി റോഡ് ഒന്നാം മൈല്‍ വരെ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഇതുപയോഗിച്ച് എലിക്കുളത്തേയ്ക്കു ജല വിതരണം നടത്താനാവില്ല. കൂടുതല്‍ ഓവര്‍ഹെഡ് സംഭരണികള്‍ വേണ്ടി വരും. ശേഷികൂടിയ പമ്പും വേണ്ടി വരും. കിലോമീറ്ററുകളോളം പുതിയ വിതരണക്കുഴല്‍ സ്ഥാപിക്കേണ്ടിയും വരും. എലിക്കുളത്തേയ്ക്കു കുടിവെള്ളമെത്തിക്കാന്‍ 20 കോടിയുടെ പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡോ. എന്‍ ജയരാജ് എംഎല്‍എ പറയുന്നു. ഇതില്‍ ഏഴു കോടി രൂപ നിലവിലെ കരിമ്പുകയം പദ്ധതിയുടെ ജല സംഭരണ വിതരണ ശേഷി കൂട്ടാനായി വിനിയോഗിക്കേണ്ടി വരും. ബാക്കി തുക വിതരണക്കുഴല്‍ സ്ഥാപിക്കുന്നതിനുമായാണു കണക്കാക്കുന്നത്. ഒന്നര കിലോമീറ്റര്‍ ദൂരം പൈപ്പിടാന്‍ ഇനി എത്ര വര്‍ഷം കൂടി വേണ്ടിവരുമെന്നു കണ്ടുതന്നെ അറിയണമെന്നാണു നാട്ടുകാര്‍ പറയുന്നത്. പതിവുപോലെ വെള്ളക്കച്ചവടക്കാര്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാന്‍ തുടങ്ങി. ഇവരാകും ഇത്തവണയും കുടിവെള്ളത്തിനു നാട്ടുകാര്‍ക്ക് ആശ്രയം.
Next Story

RELATED STORIES

Share it