palakkad local

വയോമിത്രം പദ്ധതി എല്ലാ ഗ്രാമങ്ങളിലും നടപ്പാക്കും: മന്ത്രി എ കെ ബാലന്‍

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാമൂഹിക സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതി 2019 അവസാനത്തോടെ സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും നടപ്പിലാക്കുമെന്ന് പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്—കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് നല്‍കുന്ന  കട്ടിലുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വയോജനങ്ങളുടെ ശാരീരിക-മാനസിക-സാമൂഹിക സുരക്ഷ ലക്ഷ്യമാക്കി തുടങ്ങിയ വയോമിത്രം പദ്ധതി 36 നഗരങ്ങളില്‍ നിന്നും 84 നഗരങ്ങളില്‍ നടപ്പിലാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പൊതു ഫണ്ടില്‍ നിന്നും അഞ്ച് ശതമാനം തുക വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കണം. വയോജനങ്ങള്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ക്ക് ആര്‍ദ്രം പദ്ധതിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി സൗജന്യ മരുന്നുകള്‍ ഉറപ്പാക്കും.
സാമൂഹിക പെന്‍ഷന്‍ 1100 രൂപയായി ഉയര്‍ത്തി. 21 ലക്ഷം പേര്‍ക്ക് പെന്‍ഷനുകള്‍ നേരിട്ട് വീട്ടിലെത്തിക്കാനായി. പട്ടികജാതി- വര്‍ഗ വിദ്യാര്‍ഥികള്‍ക്കായി 25000 പഠനമുറികള്‍ സ്ഥാപിക്കും. പട്ടികജാതി-വര്‍ഗ തൊഴിലന്വേഷകര്‍ക്ക് റിക്രൂട്ടിങ് ഏജന്‍സികളുമായി സഹകരിച്ച് വിദേശ ജോലിക്കായി സൗജന്യ പരിശീലനവും സാമ്പത്തിക സഹായവും നല്‍കും. എല്‍.ഐ.സി.യുടെ സഹായത്തോടെ പട്ടികജാതി-വര്‍ഗ വിഭാഗത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് 18 വയസാകുമ്പോള്‍ മൂന്ന് ലക്ഷത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ലഭിക്കുന്ന പദ്ധതി നടപ്പിലാക്കും. അഭ്യസ്തവിദ്യരായ 241 ആദിവാസി യുവാക്കളെ ഗോത്രഭാഷ അധ്യാപകരായി വയനാട്ടില്‍ നിയമിച്ചു.
പട്ടികജാതി-വര്‍ഗ വികസന ഫണ്ട് ഉപയോഗിക്കത്ത  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാത്ത അത്രയും തുക കുറവ് വരുത്തിയേ അടുത്ത സാമ്പത്തിക വര്‍ഷം പൊതുഫണ്ട് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് എ വി ഗോപിനാഥ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി എച്ച് ഭാഗ്യലത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it