kasaragod local

വയല്‍ നികത്തി വീട് നിര്‍മാണം; പൊളിച്ച്മാറ്റാന്‍ റവന്യൂ അധികൃതരുടെ നോട്ടീസ്‌



കാഞ്ഞങ്ങാട്: വയല്‍നികത്തി നിര്‍മിച്ചതെന്നാരോപിച്ച് ഗള്‍ഫുകാരന്റെ വീട് പൊളിച്ചുമാറ്റാന്‍ റവന്യൂ അധികൃതരുടെ ഉത്തരവ്. അജാനൂര്‍ മാണിക്കോത്ത് പഴയ പള്ളിക്ക് സമീപം റീസര്‍വെ നമ്പര്‍ 88/1, 89/ല്‍പെട്ട വയല്‍നികത്തി നിര്‍മിച്ച വീട് പൊളിച്ച് നീക്കി പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് ആര്‍ഡിഒ ഉത്തരവിട്ടിരിക്കുന്നത്.മാണിക്കോത്ത് സ്വദേശിയും ഗള്‍ഫുകാരനുമായ കോപ്പട്ടി ബഷീര്‍ പത്തുവര്‍ഷം മുമ്പ് നിര്‍മിച്ച് കുടുംബസമേതം താമസിച്ചുവരുന്ന വീടാണ് വയല്‍ നികത്തിയെന്നരോപിച്ച് പൊളിച്ചുനീക്കാന്‍ അധികൃതര്‍ നീക്കം തുടങ്ങിയത്. വീട് നിര്‍മാണം നിയമാനുസൃതം നടത്തിയതാണെന്നാണ് ബഷീര്‍ പറയുന്നത്. കോപ്പട്ടി ബഷീറിന്റെ വീടിന്റെ പരിസരപ്രദേശങ്ങളില്‍ വയല്‍ നികത്തി നിരവധി വീടുകള്‍ നിര്‍മിച്ച് താമസിച്ചുവരുന്നുണ്ട്. എന്നാല്‍ ബഷീറിന്റെ വീടിന് മാത്രമാണ് അധികൃതര്‍ നോട്ടീസയച്ചിരിക്കുന്നത്.മാണിക്കോത്തെ് എന്‍ പി മുഹമ്മദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് അധികൃതര്‍ നടപടി തുടങ്ങിയത്. വയല്‍ ഒരാഴ്ചക്കകം പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ ഐപിസി സെക്ഷന്‍ 188 വകുപ്പ് പ്രകാരം ബഷീറിനതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും നോട്ടീസില്‍ സൂചിപ്പിച്ചു.എന്നാല്‍ മാണിക്കോത്ത് പഴയ പള്ളിക്ക് സമീപത്തെ വീട് നിര്‍മാണം നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ച് കൊണ്ട് നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി നിയമയുദ്ധത്തിനൊരുങ്ങുകയാണ് ബഷീറിന്റെ കുടുംബം. റവന്യു അധികൃതരുടെ ഉത്തരവിനെതിരെ ബഷീര്‍ ഹൈക്കോടതിയെ സമീപിക്കും.
Next Story

RELATED STORIES

Share it