malappuram local

വയലുകളെ സംരക്ഷിക്കാന്‍ ജൈവ കര്‍ഷക സമിതി സമരത്തിനിറങ്ങുന്നു

പൊന്നാനി: നെല്‍വയല്‍ സംരക്ഷണത്തിനുവേണ്ടി ജൈവകര്‍ഷകസമിതി സമര രംഗത്ത്. വയല്‍രക്ഷാ, കേരള രക്ഷാ പേരിലാണ് ജൈവകര്‍ഷക സമിതി സമരരംഗത്തിറങ്ങുന്നത്. പരിസ്ഥിതി സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രാദേശിക തലത്തിലും സംസ്ഥാനതലത്തിലും സമരങ്ങള്‍ സംഘടിപ്പിക്കുകയാണ് ആദ്യഘട്ടം. വികസനത്തിന്റെ പേരില്‍ നെല്‍വയല്‍ നികത്താനുള്ള ശ്രമം തടയുക, ജാഗ്രതാ സമിതികള്‍ രൂപീകരിക്കുക, നാട്ടുനെല്‍വിത്തുകളുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുക, നാട്ടരി ഉപയോഗിച്ച് പാചകക്കളരി നടത്തുക, അരിമേള നടത്തി നാട്ടരിക്ക് വിപണി കണ്ടെത്തുക എന്നിവയാണ് സമരത്തിന്റെ രണ്ടാംഘട്ടത്തിലുള്ളത്.
കേരളാ ജൈവകര്‍ഷക സമിതി തിരൂര്‍ ജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സംസ്ഥാനതല പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച നെല്‍വയല്‍ സംരക്ഷണ പ്രമേയത്തിലാണ് സമര പ്രഖ്യാപനം നടത്തിയത്. വികസനത്തിന്റെ മറപിടിച്ച് 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം 2018 ജൂണ്‍ 25ന് സര്‍ക്കാര്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു.
പൊതു ആവശ്യമെന്ന പേരില്‍ വന്‍കിട പദ്ധതികള്‍ക്കു വേണ്ടി നിര്‍ബാധം വയല്‍ നികത്താന്‍ അനുവദിക്കുക, 2008നു മുമ്പ് നികത്തിയ വയലുകള്‍, ഭൂമി വിലയ്ക്കനുസരിച്ച് നിശ്ചിത ഫീസ് അടച്ചു കഴിഞ്ഞാല്‍ കരഭൂമിയായി പ്രഖ്യാപിക്കുക തുടങ്ങിയ മാറ്റങ്ങളാണ് പുതിയ നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.
ഇതോടെയാണ് കേരള ജൈവ കര്‍ഷക സമിതി നെല്‍വയലുകളുടെ സംരക്ഷണത്തിന് സമരരംഗത്തിറങ്ങുന്നത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം വന്നതിനു ശേഷവും നെല്‍ക്കൃഷി ചെയ്യുന്ന ഭൂമിയുടെ അളവ് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജലസംരക്ഷണത്തെയും ജനാരോഗ്യത്തെയും കണക്കിലെടുത്ത് പഞ്ചായത്തുതലം മുതല്‍ നെല്‍ക്കൃഷി ചെയ്ത് നെല്‍വയല്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി ഏറ്റെടുത്താല്‍ മാത്രമേ ഇതിനോരു ശാശ്വത പരിഹാരം കാണാന്‍ കഴിയൂവെന്ന് ജൈവകര്‍ഷക സമിതി പറയുന്നു.
Next Story

RELATED STORIES

Share it