kozhikode local

വന്‍ കൃഷിനാശം: 374 വീടുകള്‍ ഭാഗികമായി തകര്‍ന്നു

വടകര: കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ നാശം വിതച്ചത് പ്രധാനമായും താലൂക്കിലെ 11 വില്ലേജുകളില്‍. 374 വീടുകള്‍ താമസിക്കാന്‍ പറ്റാത്ത രീതിയില്‍ തകര്‍ന്നു. 20 വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ദുരന്ത നിവാരണ സംഘം ഡെപ്യൂട്ടി കലക്ടര്‍ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ദുരന്ത ബാധിത പ്രദേശങ്ങള്‍ ശനിയാഴ്ച സന്ദര്‍ശിച്ചു. വില്ല്യാപ്പള്ളി വില്ലേജില്‍ 150, കോട്ടപ്പള്ളി 115, നടക്കുതാഴ 45, പാലയാട് 35, വടകര 13, തിരുവള്ളൂര്‍ 2, ചോറോട് 2, ഒഞ്ചിയം 3, വേളം 1, മണിയൂര്‍— 6, ആയഞ്ചേരി 2 എന്നിങ്ങനെയാണ് താലൂക്കില്‍ തകര്‍ന്ന വീടുകള്‍. ചില വില്ലേജുകളിലെ കണക്കുകള്‍ പൂര്‍ണമായി ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം 360 വീടുകളായിരുന്നു തകര്‍ന്നതായി വിവരം ലഭിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് 14 വീടുകള്‍ക്ക് കൂടി നാശം സംഭവിച്ചതായി അറിയാന്‍ കഴിഞ്ഞതെന്ന് റവന്യൂവകുപ്പ് അധികൃതര്‍ പറഞ്ഞു. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് താലൂക്കില്‍ സംഘം വിവരങ്ങള്‍ ശേഖരിക്കുന്നത്. അതേസമയം ആഞ്ഞടിച്ച ചുഴലികാറ്റില്‍ വീടുകള്‍ തകര്‍ന്ന പോലെ താലൂക്കില്‍ വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മണിയൂര്‍, ആയഞ്ചേരി, വില്ല്യാപ്പള്ളി, തിരുവള്ളൂര്‍— പഞ്ചായത്തുകളിലാണ് കുലച്ച വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വ്യാപകമായി നശിച്ചത്.
വടകര നഗരസഭയില്‍ ശനിയാഴ്ച 34 ലധികം അപേക്ഷകള്‍ കൃഷി നാശവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ട്. പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 70 ഓളം അപേക്ഷകള്‍ വരാന്‍ സാധ്യതയുണ്ടെന്ന് കൃഷി ഓഫിസ് അധികൃതര്‍ പറഞ്ഞു. വാഴ, കവുങ്ങ്, മരച്ചീനി, പ്ലാവ് എന്നിവയാണ് കൂടുതലായും ചുഴലി കാറ്റില്‍ നശിച്ചത്. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വടകരയിലെ പണിക്കോട്ടി, നടക്കു താഴ, പുതുപ്പണം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
കൃഷി നാശം സംഭവിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ ഉടന്‍ ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ചുഴലികാറ്റില്‍ മണിയൂര്‍ പഞ്ചായത്തില്‍ മാത്രം അഞ്ചു ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ട്. 200 തെങ്ങുകള്‍, 2000 കുലച്ച നേന്ത്ര വാളകള്‍, 1500 കുലക്കാത്ത നേന്ത്ര വാഴ, 300 കവുങ്ങ്, 60 പ്ലാവുകള്‍ എന്നിവ നശിച്ചു. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ര്‍ സുരേഷ്, കൃഷി ഓഫീസര്‍ പി രേണു, കൃഷി അസിസ്റ്റന്റ്  രഞ്ചിത്ത് എന്നിവര്‍ കൃഷി നാശമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it