Middlepiece

വന്യജീവി സംരക്ഷണം പരമപ്രധാനം

വന്യജീവി സംരക്ഷണം പരമപ്രധാനം
X


വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് വന്യജീവി വാരാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചുവരുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ഓരോ ജീവികളും അതിന്റേതായ പങ്ക് വഹിക്കുന്നുണ്ട്. ചെറുപ്രാണികള്‍ മുതല്‍ വലിയ ജന്തുക്കള്‍ വരെയും സസ്യലതാദികള്‍ മുതല്‍ വന്‍വൃക്ഷങ്ങള്‍ വരെയും പ്രകൃതിയുടെ ശൃംഖലാസംവിധാനത്തില്‍ അവരവരുടേതായ പങ്കു നിര്‍വഹിക്കുന്നവരാണ്. പ്രപഞ്ചഘടനയുടെ സുരക്ഷിതമായ നിലനില്‍പ്പിന് അവ കൂടി നിലിനില്‍ക്കപ്പെടേണ്ടതുണ്ട്. അവരും ഭൂമിയുടെ അവകാശികളാണെന്ന അടിസ്ഥാന ധാരണ നിലനിര്‍ത്തിക്കൊണ്ടേ വര്‍ത്തമാനകാലത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ സമീപിക്കാന്‍ കഴിയുകയുള്ളൂ. ഏതൊരു ജീവിയെ സംബന്ധിച്ചും അതിന്റെ ജീവിതസാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്ന തനതായ ഒരു ആവാസവ്യവസ്ഥയുണ്ട്.  അതിനകത്താണ് ഏറ്റവും സ്വാതന്ത്ര്യത്തോടും സുരക്ഷിതമായും ആ ജീവികള്‍ക്ക് പെരുമാറാന്‍ കഴിയുക. അത്തരം ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടത് ആ ജീവികളുടെ മാത്രമല്ല മനുഷ്യന്റെ കൂടി ഭാവിതലമുറയുടെ സുഖകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. മനുഷ്യന്‍ വന്യജീവികളുടെ ആവാസവ്യവസ്ഥകളിലേക്ക് കടന്നുകയറിയതിന്റെ പരിണിത ഫലമാണ് ഇന്നു നാം അനുഭവിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം. ഈ സംഘര്‍ഷത്തിന്റെ തോതും വ്യാപ്തിയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. കാടുകള്‍ വെട്ടിത്തെളിച്ച് മനുഷ്യന്‍ വീടുവയ്ക്കുകയും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും കുടിയേറി കൃഷിചെയ്യുകയും കൂടിയായപ്പോള്‍ വന്യജീവികള്‍ക്ക് അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയാണു നഷ്ടമായത്. വികസനത്തിന്റെ പേരില്‍ കാട്ടിനകത്തുക്കൂടി റോഡുകള്‍ നിര്‍മിച്ചപ്പോള്‍ വന്യജീവികളുടെ ആവാസവ്യവസ്ഥകള്‍ വിഭജിക്കപ്പെടുകയായിരുന്നു. അവ വെള്ളം കുടിക്കാനും ഭക്ഷണം അന്വേഷിച്ചും സഞ്ചരിച്ചിരുന്ന കാനനപാതകള്‍ മുറിഞ്ഞുപോവുമ്പോഴാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന സാഹചര്യമുണ്ടാവുന്നത്.ആഗോളതലത്തില്‍ സസ്യജന്തുജാലങ്ങളുടെ നിലനില്‍പ്പ് വലിയ ഭീഷണി നേരിടുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂഖണ്ഡങ്ങളിലെ ജീവികളുടെ എണ്ണം സംബന്ധിച്ച ആഗോള സൂചികകള്‍ പ്രകാരം 1970നും 2012നും ഇടയില്‍ പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഇഴജന്തുക്കള്‍ തുടങ്ങിയവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിലും ആഹാരശൃംഖല ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക ബന്ധങ്ങളിലും ഓരോ ചെറുജീവിയും അതിന്റേതായ സംഭാവന നല്‍കുന്നുണ്ട്. എന്നാല്‍, പല കാരണങ്ങള്‍കൊണ്ട് നിരവധി സസ്യ-ജന്തുജാലങ്ങള്‍ ഭൂമുഖത്ത് വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ചില ജീവിവര്‍ഗങ്ങള്‍ പൂര്‍ണമായും ഭൂമിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടുകഴിഞ്ഞു. ഇതിനു കാരണമാവുന്ന ഘടകങ്ങളെ കഴിയാവുന്നിടത്തോളം നിയന്ത്രിച്ചുനിര്‍ത്താന്‍ നമുക്ക് ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ഈ സന്ദേശം പ്രചരിപ്പിക്കുക കൂടിയാണ് വന്യജീവി വാരാചരണത്തിന്റെ മുഖ്യലക്ഷ്യം.  കാലാവസ്ഥാ വ്യതിയാനവും പരിസര മലിനീകരണവും അമിതമായ പ്രകൃതിചൂഷണം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുമെല്ലാം ജീവിവര്‍ഗങ്ങളുടെ അതിജീവന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. ആധുനിക ജീവിതത്തില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപഭോഗം കൂടിവരുകയാണ്.  നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നാട്ടിലും വനമേഖലകളിലുമെല്ലാം കുമിഞ്ഞു കൂടുന്നുണ്ട്. അവയുണ്ടാക്കുന്ന മാലിന്യപ്രശ്‌നങ്ങളും ഭക്ഷണത്തില്‍ കലര്‍ന്ന് അസുഖം പിടിപെട്ട് ചത്തുപോവുന്ന വന്യമൃഗങ്ങളുടെ എണ്ണവും ഏറിവരുന്നു. പ്ലാസ്റ്റിക്കുകള്‍ വനമേഖലകളില്‍ എത്താതിരിക്കാന്‍ കേരള വനംവകുപ്പ് നിതാന്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. പക്ഷേ, കേവലം നിയമങ്ങളുടെ നിര്‍ബന്ധംകൊണ്ടു മാത്രം ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നതിലുപരി ജനങ്ങളുടെ ബോധമണ്ഡലത്തിലാണു മാറ്റമുണ്ടാവേണ്ടത്. ഒരുകാലത്ത് ശുദ്ധജലത്തിന്റെ സ്രോതസ്സുകളായിരുന്നു നമ്മുടെ കുളങ്ങളും കിണറുകളും നദികളുമെല്ലാം. കിണറില്‍ നിന്ന് സധൈര്യം ശുദ്ധജലം കോരിക്കുടിക്കാവുന്ന ഒരു കാലം നമുക്ക് കൈമോശം വരുകയല്ലേ? നമ്മുടെ ജലാശയങ്ങളെല്ലാം ഇന്നു മലിനമാക്കപ്പെട്ടിരിക്കുന്നു.  ഭൂഗര്‍ഭജലത്തിലടക്കം കോളിഫോം ബാക്റ്റീരിയകളുടെയും മറ്റ് അപകടകരമായ ഘടകങ്ങളുടെയും സാന്നിധ്യം ഏറിവരുകയാണ്. വന്യജീവികള്‍ക്ക് അവയുടെ വാസകേന്ദ്രങ്ങളില്‍ തന്നെ ധാരാളം കുടിവെള്ളം ലഭിക്കുമായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി നമ്മുടെ നീര്‍ചോലകളും മറ്റും വറ്റിവരണ്ടപ്പോള്‍ വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറി. വെള്ളവും തീറ്റയും തേടിയാണ് വന്യമൃഗങ്ങള്‍ പലപ്പോഴും നാട്ടിലിറങ്ങുന്നത്. നീരുറവകള്‍ സംരക്ഷിക്കാനും ജലാശയങ്ങള്‍ മലിനമാവാതെ സൂക്ഷിക്കാനും കര്‍മപദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ നാം ദുഃഖിക്കേണ്ടിവരും. നമ്മുടെ ജൈവവൈവിധ്യം അനുദിനം ശോഷിച്ചുവരുന്നു എന്നത് ജീവമണ്ഡലത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാണെന്നതിന്റെ സൂചനയാണ്. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വതമായ പരിഹാരം കാണാനുള്ള പരിശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കംകുറിച്ചു കഴിഞ്ഞു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമ്പോള്‍ തന്നെ വന്യമൃഗങ്ങളുടെ തനതായ ആവാസവ്യവസ്ഥകളെ സംരക്ഷിക്കേണ്ടതുമുണ്ട്.
Next Story

RELATED STORIES

Share it