Flash News

വനിതാ സാരഥ്യത്തിന്റെ സവിശേഷ മുഖവുമായി അറക്കല്‍ ബീവിമാര്‍

കണ്ണൂര്‍: ഇന്നലെ അന്തരിച്ച ആദിരാജ സുല്‍ത്താന സൈനബ ആയിഷബി കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറക്കല്‍ സ്വരൂപത്തിലെ 37ാം സ്ഥാനപതി. 2006ല്‍ ആയിഷ മുത്തുബീവിയുടെ മരണശേഷമാണ് ഇവര്‍ അധികാരമേറ്റത്. ഇതിനു ശേഷം അറക്കല്‍ രാജവംശത്തിന്റെ ചരിത്രം വിശദീകരിക്കുന്ന അറക്കല്‍ മ്യൂസിയം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കി.
അറക്കല്‍ സ്വരൂപത്തിലെ വനിതാ സാരഥ്യത്തിന്റെ സവിശേഷമായ മുഖമാണ് അറക്കല്‍ ബീവിമാര്‍. ഏറ്റവും മൂത്ത അംഗം സ്ത്രീയാണെങ്കില്‍ അവര്‍ രാജ്യഭാരം ഏറ്റെടുക്കുകയായിരുന്നു പതിവ്. അവരെ വലിയ ബീവി എന്നു വിശേഷിപ്പിച്ചിരുന്നു. പണ്ടുകാലത്ത് യുദ്ധം, സന്ധി എന്നിവയ്ക്കു പുറമേ വ്യാപാരം, അന്താരാഷ്ട്ര വിനിമയം, നീതിപാലനം തുടങ്ങിയവയെല്ലാം അറക്കല്‍ ബീവി എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്ന സ്ത്രീസാരഥിയുടെ മേല്‍നോട്ടത്തിലായിരുന്നു. എന്നാല്‍, താവഴി സ്ഥാനാരോഹണമെന്ന നിലയിലാണ് ഇന്ന് ബീവിമാരുടെ നിയോഗം. മലബാര്‍ ജോയിന്റ് കമ്മീഷന്‍ രേഖ പ്രകാരം ബീവി നിശ്ചയിക്കുന്ന മന്ത്രിയോ മകളുടെ ഭര്‍ത്താവോ ആണ് അന്നത്തെ ചീഫ് ജസ്റ്റിസ്.
പണ്ഡിതന്‍മാര്‍ ഉള്‍പ്പെട്ട സംഘം കോടതിയില്‍ ശരീഅത്തിനു വിധേയമായ വിധിന്യായങ്ങള്‍ കണ്ടെത്തി. അറക്കല്‍ രാജാക്കന്‍മാരില്‍ മൂന്നിലൊരാള്‍ എന്ന നിലയില്‍ ബീവിമാരുടെ ഭരണം അരങ്ങേറിയിട്ടുണ്ട്. മരുമക്കത്തായ രീതിയാണ് ദായക്രമം. പെണ്‍താവഴി പ്രകാരം പുരുഷനും സ്ത്രീയും പരസ്പരം സിംഹാസനങ്ങളിലെത്തി. 37 കിരീടാവകാശികളില്‍ 11ഉം സ്ത്രീകളായിരുന്നു. ഹറാബിച്ചി കടവൂബി (1728-1732), ജനൂമ്മാബി (1732-1745), ജുനൂമ്മബി (1777-1819), മറിയംബി (1819-1838), ആയിഷാബി (1838-1862), ഇമ്പിച്ചിബീവി (1907-1911), ആയിഷാബീവി (1921-1931), മറിയുമ്മാബീവി (1946-1957), ആമിനാബീവി തങ്ങള്‍ (1957-1980), ആയിഷ മുത്തുബീവി (1998-2006), സൈനബ ആയിഷാബീവി (2006-2 018) എന്നിവരാണ് അറക്കല്‍ കിരീടാവകാശികളായ മഹിളാരത്‌നങ്ങള്‍. ദ്വിഭാഷാ നിപുണരായിരുന്നു അറക്കല്‍ ബീവിമാരില്‍ പലരും. തദ്ദേശീയ ഭാഷയ്ക്കു പുറമേ ഹിന്ദുസ്ഥാനിയും പേര്‍ഷ്യനും ഇവര്‍ സ്വായത്തമാക്കി. സ്ത്രീകളെല്ലാം ചേര്‍ന്ന് 146 വര്‍ഷമാണ് അറക്കല്‍ സ്വരൂപത്തെ നയിച്ചത്.
ഇന്നലെ അന്തരിച്ച സൈനബ ആയിഷാബീവി ഉള്‍പ്പെടെ ഖിലാഫത്ത് പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോഴും രാജ്യം സ്വാതന്ത്ര്യത്തിലേക്ക് മുന്നേറിയ ഘട്ടത്തിലുമെല്ലാം അറക്കല്‍ സ്വരൂപത്തിന്റെ കാവലാളായി.
Next Story

RELATED STORIES

Share it