വനിതാ ഡബിള്‍സില്‍ സാനിയ-ഹിംഗിസ് സഖ്യം ഫൈനലില്‍; ബൊപ്പണ്ണ സഖ്യം പുറത്ത് : ജോകോവിച്ച്-ഫെഡറര്‍ ക്ലാസിക്ക് സെമി ഇന്ന്

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ക്ലാസിക്ക് സെമി ഫൈനല്‍ പോരാട്ടത്തിന് അരങ്ങൊരുങ്ങി. ഇന്ന് നടക്കുന്ന പുരുഷ വിഭാഗം സിംഗിള്‍സിലെ ആദ്യ സെമി ഫൈനലില്‍ നിലവിലെ ചാംപ്യനായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് മുന്‍ ജേതാവായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററിനെ എതിരിടും. കഴിഞ്ഞ തവണത്തെ യുഎസ് ഓപണ്‍, വിംബിള്‍ഡണ്‍ എന്നീ ഫൈനലിന്റെ റിപ്ലേ കൂടിയാണ് ഇന്നത്തെ മല്‍സരം. രണ്ടിലും മൂന്നാം റാങ്കുകാരനായ ഫെഡററിനെതിരേ ലോക ഒന്നാം നമ്പര്‍ താരമായ ജോകോവിച്ച് ജയം നേടിയിരുന്നു.
ക്വാര്‍ട്ടറില്‍ ജോകോവിച്ച് ജപ്പാന്റെ കെയ് നിഷികോരിയെയും (6-3, 6-2, 6-4), ഫെഡറര്‍ ചെക്ക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെയും (7-6, 6-2, 6-4) പരാജയപ്പെടുത്തുകയായിരുന്നു. രണ്ടാം സീഡായ ബ്രിട്ടന്റെ ആന്‍ഡി മുറേയും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. ക്വാര്‍ട്ടറില്‍ എട്ടാം സീഡായ സ്‌പെയിനിന്റെ ഡേവിഡ് ഫെററിനെയാണ് മുറേ വീഴ്ത്തിയത്. സ്‌കോര്‍: 6-3, 6-7, 6-2, 6-3. സെമിയില്‍ കാനഡയുടെ മിലോസ് റാഹോനിക്കാണ് മുറേയുടെ എതിരാളി.
സെറീന-റഡ്‌വാന്‍സ്‌ക
സെമി ഫൈനല്‍
വനിതാ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ജേതാവും ലോക ഒന്നാം നമ്പര്‍ അമേരിക്കന്‍ താരവുമായ സെറീന വില്യംസ് നാലാം സീഡായ പോളണ്ടിന്റെ അഗ് നിയേസ്‌ക റഡ്‌വാന്‍സ്‌കയെ എതിരിടും. മറ്റൊരു സെമിയില്‍ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ ബ്രിട്ടന്റെ ജൊഹന്ന കോന്റയെ നേരിടും.
ക്വാര്‍ട്ടറില്‍ സെറീന അഞ്ചാം സീഡായ റഷ്യയുടെ മരിയ ഷറപ്പോവയെയും (6-4, 6-1) റഡ് വാന്‍സ്‌ക സ്‌പെയിനിന്റെ കാര്‍ല സുവാറസ് നവാറോയെയും (6-1, 6-3) കെര്‍ബര്‍ ബെലാറസിന്റെ വിക്ടോറിയ അസരെന്‍കയെയും (6-3, 7-5) കോന്റ ചൈനയുടെ ഷാങ് ഷൂയിനെയും (6-4, 6-1) തോല്‍പ്പിക്കുകയായിരുന്നു.
വനിതാ ഡബിള്‍സിലെ ലോക ഒന്നാം നമ്പര്‍ ജോടികളായ ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം വിജയകുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ 35ാം ജയം നേടി റെക്കോഡിട്ട സാനിയ സഖ്യം ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ ഫൈനലിലേക്ക് കുതിച്ചു. സെമിയില്‍ ജര്‍മനിയുടെ ജൂലിയ ജോര്‍ജസ്-ചെക്ക് റിപബ്ലിക്കിന്റെ കരോലിന ലിസ്‌കോവ ജോടിയെയാണ് ഇന്തോ-സ്വിസ് സഖ്യം അനായാസം മറികടന്നത്. സ്‌കോര്‍: 6-1, 6-0. കലാശപ്പോരാട്ടത്തില്‍ ഏഴാം സീഡായ ചെക്ക് റിപബ്ലിക്കിന്റെ ആന്‍ഡ്രിയ ലവാകോവ-ലൂസിയ റഡെക ജോടിയാണ് സാനിയ-ഹിംഗിസ് സഖ്യത്തിന്റെ എതിരാളികള്‍.
അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ചൈനീസ് തായ്‌പേയിയുടെ ചാന്‍ യുങ് ജാന്‍ സഖ്യം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. മറ്റൊരു ക്വാര്‍ട്ടറില്‍ സാനിയ-ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിങ് സഖ്യം ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ഹിംഗിസ് സഖ്യത്തെ എതിരിടും.
Next Story

RELATED STORIES

Share it