Flash News

വനിതാ കമ്മീഷന് റിപോര്‍ട്ട് പരസ്യമാക്കണം : എഐപിഡബ്ല്യൂഎ



ന്യൂഡല്‍ഹി: ഹാദിയ കേസിലെ മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട റിപോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍ (എഐപിഡബ്ല്യൂഎ) കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അസോസിയേഷന്‍ സെക്രട്ടറി കവിതാ കൃഷ്ണന്‍ കമ്മീഷന് കത്തയച്ചിട്ടുണ്ട്. ഹാദിയ നേരിട്ട മനുഷ്യാവകാശ ലംഘനം സംബന്ധിച്ച റിപോര്‍ട്ടുമായി കമ്മീഷന്‍, സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് കരുതുന്നത്. ഹാദിയയെ കാണാന്‍ ശ്രമം നടത്തിയതിലും റിപോര്‍ട്ട് തയ്യാറാക്കിയതിലും കമ്മീഷനെ അഭിനന്ദിക്കുന്നു. ഹാദിയ വീട്ടുതടങ്കലിലാണ് എന്നതാണ് യാഥാര്‍ഥ്യം. ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരു വ്യക്തിയുടെ മൗലികാവകാശങ്ങള്‍ എങ്ങനെ ലംഘിക്കപ്പെട്ടു എന്നതിനു രാജ്യം സാക്ഷ്യംവഹിക്കുകയാണ്. റിപോര്‍ട്ട് പരസ്യപ്പെടുത്തുന്നതിലൂടെ കൂടുതല്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ വനിതാ കമ്മീഷന് കഴിയും- കവിതാ കൃഷ്ണന്‍ കത്തില്‍ പറഞ്ഞു. മതംമാറ്റവുമായി ബന്ധപ്പെട്ടു കമ്മീഷന്‍ അധ്യക്ഷയുടെ കാഴ്ചപ്പാടില്‍ ആശങ്കയുണ്ട്. ഹാദിയയെ ഹാദിയ അഖില എന്നു സംബോധന ചെയ്യാനാണ് അധ്യക്ഷ താല്‍പര്യപ്പെടുന്നത്. വിവാഹത്തിനു വേണ്ടി യുവതികള്‍ മതംമാറരുതെന്നും പറഞ്ഞു. സ്വകാര്യത മൗലികാവകാശമാണെന്നു സുപ്രിംകോടതി വ്യക്തമാക്കിയതാണ്. വിവാഹത്തിനു മുമ്പാണ് ഹാദിയ മതംമാറിയത്. ഇന്ത്യന്‍ ഭരണഘടന പ്രകാരം അതു തികച്ചും വ്യക്തിപരമായ കാര്യമാണ്. ആയിരക്കണക്കിനു സ്ത്രീകള്‍ വിവാഹശേഷം ഭര്‍ത്താവിന്റെ പേര് തങ്ങളുടെ പേരിനൊപ്പം ചേര്‍ക്കുന്നു. അതുപോലെ തന്നെ തികച്ചും വ്യക്തിപരമായ കാര്യമാണ് ഹാദിയയുടേതെന്നും കവിതാ കൃഷ്ണന്റെ കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it