kozhikode local

വനിതാദിനം: സമത്വത്തെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയുമായി സിംപോസിയം

കോഴിക്കോട്: സ്ത്രീ സമത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ചിന്തകളിലും അഭിപ്രായങ്ങളിലും പുനര്‍ വായനയുമായി കോര്‍പറേഷന്‍ കുടുംബശ്രീ സിഡിഎസ് സിംപോസിയം. സ്ത്രീ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്നവര്‍ക്ക് നേരെ ഉയരുന്ന വികാരങ്ങളും സ്ത്രീ ഏത് തരത്തിലുള്ള സ്വാതന്ത്രവും സമത്വവുമാണ് അര്‍ഹിക്കുന്നതെന്ന ചിന്തകളും സെമിനാറില്‍ ചര്‍ച്ചയായി.
ലോക വനിതാ ദിനത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സമത്വമെന്നു പറഞ്ഞാല്‍ പുച്ഛിച്ചു തള്ളുന്നവരാണ് ഭൂരിഭാഗമാളുകളുമെന്ന് തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവല്പ്‌മെന്റ് സ്റ്റഡീസ് അസോ. പ്രഫസര്‍  ഡോ ജെ ദേവിക അഭിപ്രായപ്പെട്ടു. ഒരു പോലെയിരിക്കണമെന്നല്ല, മനുഷ്യനെന്ന നിലയില്‍ തുല്യവില കല്‍പ്പിക്കണമെന്നാണ് സമത്വം ആവശ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
പലപ്പോഴും സുരക്ഷിതമെന്നു തോന്നുന്ന സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവാറില്ലെന്ന് ഡോ എം ജി മല്ലിക അഭിപ്രായപ്പെട്ടു. ആലയില്‍ കെട്ടിയ പശുവിനെ പോലെയാണവര്‍. പുല്ലും വെള്ളവും കൃത്യമായി എത്തുന്നതിനാല്‍ കെട്ടഴിച്ചു പോവാന്‍ പശു താല്‍പര്യപ്പെടാറില്ല. എന്നാല്‍, സ്വാതന്ത്ര്യം നേടുമ്പോള്‍ സുരക്ഷിതത്വം നഷ്ടപ്പെടുമെന്നും പിന്നീട് അവര്‍ സ്വയം സുരക്ഷിതയാവണമെന്നും മല്ലിക പറഞ്ഞു. മാറ്റങ്ങള്‍ ഉണ്ടായെന്ന് അവകാശപ്പെടുമ്പോഴും രാഷ്ട്രീയത്തില്‍ പോലും വിവേചനപരമായ നിലപാടാണ് സ്ത്രീകള്‍ക്കു നേരെ സ്വീകരിച്ചു വരുന്നതെന്ന് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വിദ്യാ ബാലകൃഷ്ണന്‍ പറഞ്ഞു.
അധികാര ശ്രേണികളില്‍ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കുന്നതില്‍ രാജ്യം ഇന്നും പിന്നാക്കാവസ്ഥയിലാണന്നും അവര്‍ ചൂണ്ടികാട്ടി. മുന്‍ മേയര്‍ എ കെ പ്രേമജം ഉദ്ഘാടനം ചെയ്തു.  ഡോ ശ്രീകല മുല്ലശ്ശേരി മോഡറേറ്ററായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ആതിര,  സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജയഷീല സംസാരിച്ചു.
Next Story

RELATED STORIES

Share it