വനത്തില്‍ മുറിവേറ്റു കിടന്ന 61കാരന്‍ മരിച്ചു

ചിറ്റാര്‍: വനത്തിനുള്ളില്‍ മുറിവേറ്റ് കിടന്നയാള്‍ മരിച്ചു. വന്യമൃഗങ്ങള്‍ ആക്രമിച്ചതെന്ന് സംശയിക്കുന്നു. ആങ്ങമൂഴി പാലത്തടി വടക്കേമണ്ണില്‍ ബേബി(61) ആണ് മരിച്ചത്.
റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസിന്റെ പരിധിയില്‍ രാജാമ്പാറ ഫോറസ്റ്റ് പരിധിയില്‍ പാലത്തടിയാര്‍ വനത്തില്‍ ഒടിച്ചുകുത്തി തോടിന് സമീപത്തായി വനത്തിനുള്ളിലാണ് ബേബിയെ ഇന്നലെ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്. പുറമാകെ മാന്തിപ്പറിച്ചതായും കണാം. നെഞ്ചത്തും കാലിലും പുലിയുടെ നഖംകൊണ്ട് മുറിഞ്ഞപോലുള്ള പാടുകളുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതാണ് വന്യമൃഗം ആക്രമിച്ചതായിരിക്കുമോ എന്ന സംശയമുണ്ടാവാന്‍ കാരണം.
ഇന്നലെ രാവിലെ ആടിനു തീറ്റ ശേഖരിക്കാന്‍ പോയ ബേബി കുറേനേരം കഴിഞ്ഞിട്ടും മടങ്ങി വന്നില്ല. മൊബൈലില്‍ വിളിച്ചപ്പോള്‍ മറുപടി ഉണ്ടായില്ല. തുടര്‍ന്ന് ബേബിയുടെ വീട്ടിലെ ടാപ്പിങ്ങ് തൊഴിലാളി തമ്പി എന്നയാള്‍ വനത്തില്‍ പോയി നോക്കി. തോട്ടില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് കിടക്കുന്നതാണ് കണ്ടത്. ആദ്യം അനക്കം ഉണ്ടായിരുന്നുവെന്ന് തമ്പി പറയുന്നു. തുടര്‍ന്ന് നാട്ടുകാരെ വിളിച്ച് വാഹനത്തില്‍ കയറ്റി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
സംസ്‌കാരം പിന്നീട്. ഭാര്യ: ലീലാമ്മ. മക്കള്‍: പ്രീതി, പ്രിയ, പ്രിന്‍സി. മരുമക്കള്‍: ജിജു, റോയിസ്, ജോബി.
Next Story

RELATED STORIES

Share it