malappuram local

വനംവകുപ്പ് സ്ഥാപിച്ച കാമറ മോഷ്ടിച്ച കേസില്‍ നായാട്ടുസംഘം പിടിയില്‍

എടക്കര: വനംവകുപ്പ് സ്ഥാപിച്ച കാമറ മോഷ്ടിച്ച കേസില്‍ മൃഗവേട്ട സംഘം വഴിക്കടവില്‍ പിടിയിലായി. പ്രതികളില്‍നിന്നു തോക്കും തിരകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. കേസില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ വിദേശത്തേക്കു കടന്നു. മരുത വെണ്ടേക്കുംപൊട്ടിയിലെ കുന്നുമ്മല്‍ സ്മിനു എന്ന കുഞ്ഞാണി(29), മരുത കൂട്ടില്‍പാറ കടുക്കാശ്ശേരി ഷിജു എന്ന അമ്പിളി(31), വെണ്ടേക്കുംപൊട്ടി ചെമ്പന്‍കുന്നത്ത് ഉണ്ണികൃഷ്ണന്‍ എന്ന ഉണ്ണി(32), മരുത വേങ്ങപ്പാടം പുത്തൂര്‍ ജൂനൈദ് എന്ന വെടി കുഞ്ഞിപ്പ(27), മരുത ചക്കരപ്പാടം തോരപ്പ റിയാസ് ബാബു(34), വെണ്ടേക്കുംപൊട്ടി മണ്ണൂര്‍ക്കാട്ടില്‍ സുജേഷ് എന്ന നാണി(32), എടക്കര മുണ്ട ചിത്രംപള്ളി ഷാജഹാന്‍(30) എന്നിവരാണ് അറസ്റ്റിലായത്. മരുത വേങ്ങപ്പാടം ആനപ്പട്ടത്ത് ഗഫൂര്‍, ഗഫൂര്‍, നൗഷാദ് എന്നിവരാണു വിദേശത്തേക്കു കടന്നത്. കടുവാ സെന്‍സസിനായി വനംവകുപ്പ് നിലമ്പൂര്‍ വനമേഖലയില്‍ വിവിധയിടങ്ങളില്‍ അത്യാധുനിക രീതിയിലുള്ള കാമറകള്‍ സ്ഥാപിച്ചിരുന്നു. കൂട്ടത്തില്‍ മരു മണ്ണുച്ചീനി കൊക്കോ പ്ലാന്റേഷനു സമീപം സ്ഥാപിച്ച കാമറ കഴിഞ്ഞ ജൂണില്‍ മോഷണം പോയിരുന്നു. സംസ്ഥാനത്തുനീളം വനമേഖലകളില്‍ വനംവകുപ്പു സ്ഥാപിച്ച കാമറകള്‍ മോഷണം പോയതോടെ മാവോവാദികളാണു സംഭവത്തിനു പിന്നിലെന്നായിരുന്നു പോലിസിന്റെ നിഗമനം. വഴിക്കടവ് റെയ്ഞ്ച് ഓഫിസറുടെ പരാതിയിലാണ് എടക്കര സിഐ പി കെ അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തില്‍ അനേ്വഷണം ആരംഭിച്ചത്. മോഷണംപോയ കാമറയ്ക്ക് അഭിമുഖമായി മറ്റൊരു കാമറകൂടി അധികൃതര്‍ സ്ഥാപിച്ചിരുന്നു. അതു മോഷണം പോയിരുന്നില്ല. ഇതില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അനേ്വഷണത്തിലാണു പ്രതികള്‍ അറസ്റ്റിലായത്. ജൂണ്‍ പതിനാലിനാണു കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചത്. പിറ്റേദിവസം കാമറയില്‍ ടീ ഷര്‍ട്ടും ഹാഫ് പാന്റും ധരിച്ച് തോക്കുമായി നീങ്ങുന്ന യുവാവിന്റെ ദൃശ്യം കണ്ടെത്തി. എന്നാല്‍, യുവാവിന്റെ തലഭാഗം ദൃശ്യത്തില്‍ പതിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ യുവാവിന്റെ ശാരീരിക പ്രകൃതിയുള്ള മൃഗവേട്ടക്കാരെക്കുറിച്ചു നടത്തിയ അനേ്വഷണത്തിലാണു കേസിനു തുമ്പുണ്ടായത്. സംശയം തോന്നി പോലിസ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വെണ്ടേക്കുംപൊട്ടി സ്വദേശി ആനപ്പട്ടത്ത് അബ്ദുള്‍ ഗഫൂര്‍ വിദേശത്തേക്കുകടന്നതോടെ പോലിസിന്റെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ പിന്‍തുടര്‍ന്നു നടത്തിയ അനേ്വഷണത്തിലാണു സുഹൃത്തായ സ്മിനു എന്ന കുഞ്ഞാണി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണു വന്‍സംഘം വലയിലായത്. ‘ജൂണ്‍ പതിനാലിനു ഫഌഷ് ലൈറ്റ് മിന്നുന്നതുകണ്ട് വേട്ടയ്ക്കുപോവുന്ന തങ്ങളുടെ ദൃശ്യങ്ങള്‍ അതില്‍ പതിഞ്ഞിരിക്കുമെന്നു കരുതിയാണു സ്മിനു കാമറ എടുത്തത്. വനത്തില്‍ നിന്നു മടങ്ങിവരുംവഴി പാറപ്പുറത്തുവച്ച് കാമറ തല്ലിത്തകര്‍ക്കുകയും ഭാഗങ്ങള്‍ പുഴയിലെറിയുകയും ചെയ്തു. ബാക്കി ഭാഗങ്ങള്‍ സുജേഷിന്റെ വീടിനു മുറ്റത്തുള്ള അടുപ്പിലിട്ട് കത്തിക്കുകയും ചെയ്തു. വേട്ടയ്ക്കുപയോഗിച്ച തോക്ക് ചക്കപ്പാടം സ്വദേശി തോരപ്പ റിയാസില്‍ നിന്നു വാങ്ങിയതാണെന്നു സ്മിനു മൊഴി നല്‍കിയിട്ടുണ്ട്. വിദേശത്തു ജോലി ചെയ്യുന്ന കരിയംതോട് തണ്ടുപാറ ബാവയുടേതാണു തോക്ക്. ഇയാള്‍ വിദേശത്തായതിനാല്‍ മുണ്ടയിലെ ചിത്രംപള്ളി ഷാജഹാന് ഉപയോഗിക്കാനായി നല്‍കിയതായിരുന്നു തോക്ക്. ഇയാളുടെ വീട്ടില്‍ നിന്നാണ് നാടന്‍ തോക്ക്, തിര, വെടിമരുന്ന്, തിരി, ജലാറ്റിന്‍ സ്റ്റിക്കുകള്‍, അനുബന്ധ സ്‌ഫോടക വസ്തുക്കള്‍ എന്നിവ കണ്ടെടുത്തത്. പ്രതികളുടെ പേരില്‍ ആയുധ നിരോധന നിയമപ്രകാരവും, സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരവും പോലിസ് കേസെടുത്തു. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്ത് അനേ്വഷണം നടത്തുന്നുണ്ട്. വനത്തില്‍ നിന്നു നഷ്ടപ്പെട്ട കാമറകള്‍ എല്ലാംതന്നെ നഷ്ടപ്പെട്ടതിനു പിന്നില്‍ നായാട്ടുസംഘങ്ങളാണെന്നു പോലിസ് അറിയിച്ചു. പ്രതികളെ നിലമ്പൂല്‍ കോടതിയില്‍ ഹാജരാക്കി. എടക്കര സിഐക്ക് പുറമെ വഴിക്കടവ് എസ്‌ഐ എം അഭിലാഷ്, പ്രത്യേ അനേഷണ സംഘാങ്ങളായ എഎസ്‌ഐ എം അസൈനാര്‍, സീനിയര്‍ സിപിഒ അന്‍വര്‍ സാദത്ത്, സിപിഒമാരായ എന്‍ പി സുനില്‍, കെ ജാബിര്‍, പി സി വിനോദ്, ബിനോബ്, സജേഷ് എന്നിവരും അനേ്വഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it