malappuram local

വണ്ടൂരിലും മഞ്ഞുരുക്കം; കേരള യാത്രയില്‍ കോണ്‍ഗ്രസ് നേതാക്കള്‍

കാളികാവ്: മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും പരസ്പരം പോര്‍വിളി നടത്തുന്ന വണ്ടൂര്‍ മണ്ഡലത്തില്‍ മഞ്ഞുരുക്കം. കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിന്റെ കേരള യാത്രയില്‍ പങ്കെടുത്തു. നാലു പഞ്ചായത്തുകളില്‍ യുഡിഎഫ് ബന്ധം നിലനില്‍ക്കുന്നില്ല. യുഡിഎഫ് ജില്ലാ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചാണ് ഇരുകക്ഷികളും മുന്നോട്ടുപോയിരുന്നത്. അതിനിടെയാണ് കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത്. കൊണ്ടോട്ടിയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിയും എടക്കരയില്‍ ആര്യാടന്‍ മുഹമ്മദും വി വി പ്രകാശും വണ്ടൂരില്‍ എ പി അനില്‍കുമാറും പങ്കെടുത്തത് അണികള്‍ക്ക് ആവേശമുണര്‍ത്തി.
വണ്ടൂരില്‍ കുഞ്ഞാലിക്കുട്ടിയുടെ യാത്ര എത്തുന്നതിനു മുമ്പുതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടികളുമായി പ്രകടനത്തില്‍ പങ്കെടുത്തു.
കെപിസിസി പ്രസിഡന്റ് നയിക്കുന്ന യാത്രയില്‍ ലീഗ് നേതാക്കളും പ്രവര്‍ത്തകരും ആവേശപൂര്‍വം പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ കോഴയാരോപണമുയര്‍ന്ന സാഹചര്യത്തില്‍ ലീഗില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നു.
അണികളുടെ വികാരത്തെ തണുപ്പിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തെടുത്തത്. പുതിയ നടപടിയിലൂടെ വരാന്‍പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇടഞ്ഞുനില്‍ക്കുന്ന പഞ്ചായത്തുകളില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഇരു യാത്രകളും തിരുവനന്തപുരത്ത് സമാപിക്കുന്നതോടെ യുഡിഎഫിന്റെ കെട്ടുറപ്പ് സാധ്യമാവുമെന്നും ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി വണ്ടൂരില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it