wayanad local

വടക്കേ വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കണം : മാനന്തവാടി വികസന സമിതി



മാനന്തവാടി: കേരളത്തില്‍ മാറി വരുന്ന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി വടക്കേ വയനാടിനോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് മാനന്തവാടി വികസന സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നഗരത്തിലെ കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം പരിഷ്‌കരിച്ച് ഗതാഗതകുരുക്കിന് പരിഹാരമുണ്ടാക്കണം.,  ട്രാഫിക്ക് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ നഗരസഭ ചെയര്‍മാന്‍ അടിയന്തരമായി യോഗം വിളിച്ച് ചേര്‍ക്കണം. ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സ് അടക്കം കടന്നു പോകാന്‍ കഴിയാത്ത വിധം പോസ്റ്റ് ഓഫിസ് റോഡില്‍ ഗതാഗത തടസം പതിവാണ്. ഇതിനൊരു ശാശ്വത പരിഹാരം ആവശ്യമാണ്.  നിര്‍ദിഷ്ട തലശേരി-മാനന്തവാടി-മൈസൂര്‍ റെയില്‍വേ സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തണം. നഗരത്തില്‍ നിലവിലുള്ള പൊതു ശൗചാലയങ്ങള്‍ വൃത്തിയാക്കുകയും, 24 മണിക്കൂറും ഉപയോഗിക്കാന്‍ പറ്റുന്ന പൊതു ശൗചാലയം നിര്‍മിക്കുകയും വേണം. ജില്ലാ ആശുപത്രിയില്‍ ട്രോമാകെയര്‍ സംവിധാനം ഉടന്‍ ഏര്‍പെടുത്തുക, ജില്ലാ ആശുപത്രിക്ക് ചുറ്റുമതില്‍ പണിത് സാമൂഹ്യ വിരുദ്ധ ശല്യം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുക, ആശുപത്രിക്ക് അനുവദിച്ച 500 കിടക്കകള്‍ക്കനുസൃതമായി ജീവനക്കാരെയും ഡോക്ടര്‍മാരെയും അനുവദിക്കുക, മള്‍ട്ടി സ്പഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുക, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സെന്റര്‍ ഉടന്‍ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളും വികസന സമിതി മുന്നോട്ട് വച്ചു. 9 ന് വൈകുന്നേരം അഞ്ചിന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന കൂട്ടായമയില്‍ എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും സംഘടനകളും പങ്കെടുക്കണമെന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു. മാനന്തവാടിയുടെ വികസനത്തിനായി കക്ഷി.രാഷ്ട്രീയത്തനതീതമായി ഉയര്‍ന്ന് വന്ന ഒരു ജനകീയ കൂട്ടായ്മയാണ് മാനന്തവാടി വികസന സമിതിയെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ശ്രീധരന്‍ മാസ്റ്റര്‍, സൂപ്പി പളളിയാല്‍, ഡോ. ഗോകുല്‍ദേവ്, അഡ്വ.ജോര്‍ജ്, ഫൗലാദ്. എന്‍ എ, മുസ്തഫ കെ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it