thrissur local

വടക്കാഞ്ചേരി മേഖലയില്‍ ഭൂമിക്കടിയില്‍ നിന്നു വന്‍മുഴക്കം

വടക്കാഞ്ചേരി: വടക്കാഞ്ചേരി മേഖലയില്‍ നേരിയ ഭൂചലനവും ഭൂമിക്കടിയില്‍ നിന്നു വന്‍മുഴക്കവും അനുഭവപ്പെട്ടു. ഇന്നലെ രാവിലെ 6.18 നാണ് തെക്കുംകര, കുളത്താഴം, അടങ്ങളം, കല്ലമ്പാറ, കുറാഞ്ചേരി, അത്താണി, അമ്പലപുരം എന്നീ പ്രദേശങ്ങളില്‍ പത്ത് സെക്കന്റിലധികം നീണ്ടു നിന്ന വലിയ മുഴക്കം ഉണ്ടായത്. ഇരട്ടക്കുളങ്ങരയില്‍ ഒരു വീടിന്റെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. അതേസമയം വടക്കാഞ്ചേരി മേഖലയിലെ തുടര്‍ ഭൂചലനങ്ങള്‍ ഭീതി പരത്തുന്നു. ഭൂചലനത്തിന്റെ തീവ്രത വര്‍ദ്ധിക്കുമോയെന്ന് ആശങ്ക. തൊണ്ണൂറുകളുടെ ആദ്യത്തിലാണ് വടക്കാഞ്ചേരി മേഖലയില്‍ ഭൂചലനങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയത്. ദേശമംഗലം, വരവൂര്‍ എന്നിവിടങ്ങളായിരുന്നു പ്രഭവകേന്ദ്രങ്ങള്‍. 1994ല്‍ ഡിസംബറില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടിനിടയില്‍ ഇരുനൂറില്‍പ്പരം ഭൂചലനങ്ങളാണ് മേഖലയില്‍ ഉണ്ടായിട്ടുള്ളത്. പലപ്പോഴും ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം പോലെ ശബ്ദമുണ്ടായി. ഇതേ തുടര്‍ന്ന് നിരവധി പഠനങ്ങളും നടന്നു. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ മേഖലയില്‍ പഠനം നടത്തി. ഭൂമിക്കടിയിലെ ദുര്‍ബ്ബല പ്രദേശമായതിനാലാണ് ഇവിടെ തുടര്‍ചലനങ്ങളുണ്ടായതെന്നായിരുന്ന പഠന റിപ്പോര്‍ട്ട്. ഭാരതപ്പുഴയും ഗതിമാറ്റവും ചലനങ്ങള്‍ക്ക് കാരണമാകുന്നതായി ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നിരവധി തവണ മേഖലയില്‍ ഭൂചലനമുണ്ടായി. വീടുകളില്‍ പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചുവരുകളില്‍ വിള്ളലുണ്ടാവുകയും ചെയ്തു. ഈ ചലനങ്ങളുടെ തീവ്രത വര്‍ദ്ധിക്കുമോ എന്നുള്ളതാണ് പ്രദേശവാസികളുടെ ആശങ്ക. എരുമപ്പെട്ടി, വടക്കാഞ്ചേരി മേഖലയില്‍ അനധികൃത ക്വാറികളും കുന്നിടിച്ച് മണ്ണ് കടത്തുന്നതും വ്യാപകമാണ്. പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it