kozhikode local

വടകര റവന്യൂ സബ്ഡിവിഷന്‍ പ്രവര്‍ത്തനം ഉടന്‍

കോഴിക്കോട്: ജില്ലയ്ക്ക് പുതുതായി അനുവദിച്ച വടകര റവന്യൂ സബ് ഡിവിഷന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം നിര്‍വഹിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായി വരികയാണെന്നും എഡിഎം ടി ജനില്‍ കുമാര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. വടകരയില്‍ പൊതുമരാമത്തിന്റെ പഴയ റസ്റ്റ് ഹൗസ് കെട്ടിടം ഇതിനായി സജ്ജമാക്കിവരികയാണ്.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എമാരായ വി കെ സി മമ്മദ് കോയ, പി ടി എ റഹീം, ഇ കെ വിജയന്‍, കാരാട്ട് റസാഖ്, സി കെ നാണു, കെ ദാസന്‍, പുരുഷന്‍ കടലുണ്ടി, ജോര്‍ജ് എം തോമസ്, എ പ്രദീപ്കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം എ ഷീല, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
കൂരാച്ചുണ്ട് വില്ലേജ് അതിര്‍ത്തി പുനര്‍ നിര്‍ണയം പൂര്‍ത്തിയായതായും 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും എഡിഎം അറിയിച്ചു. ബാലുശ്ശേരി ബൈപാസ്, ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍, പ്രശാന്തി ഗാര്‍ഡന്‍, കൂരാച്ചുണ്ട് കരിയാത്തംപാറ കുടിവെള്ള പദ്ധതി തുടങ്ങിയവ യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലുശ്ശേരി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന് ജപ്പാന്‍ കുടിവെള്ള പദ്ധതി വിതരണ ലൈനില്‍ നിന്ന് കണക്ഷന്‍ നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
റേഷ ന്‍ വ്യാപാരികള്‍ക്ക് കൃത്യമായ അളവില്‍ ഭക്ഷ്യധാന്യം ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കണമെന്ന് പി ടി എ റഹീം എംഎല്‍എ ആവശ്യപ്പെട്ടു. ഓരോ ഗോഡൗണില്‍ നിന്നും ഇന്‍സ്‌പെക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഇലക്‌ട്രോണിക്‌സ് മെഷീന്‍ വഴി കൃത്യമായ അളവ് ഉറപ്പു വരുത്തിയാണ് ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് ജില്ലാ സപ്ലൈ ഓഫി സര്‍ അറിയിച്ചു.കുറ്റിയാടി ജലസേചന പദ്ധതിയില്‍ നിന്ന് വടകരയിലെ കനാല്‍ ശൃംഖലയിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള അഞ്ചര കോടി രൂപയുടെ പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ജാഗ്രത പാലിക്കണമെന്ന് സി കെ നാണു എംഎല്‍എ നിര്‍ദേശിച്ചു.
പയ്യോളി ബീച്ച് പ്രദേശത്തുള്ള ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണമെന്ന് കെ ദാസന്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടി ഹാ ര്‍ബറിന് സമീപത്ത് ഡീസല്‍ ബങ്ക്, തീര മാവേലി സ്റ്റോര്‍, വല കെട്ടുന്ന ഫാക്ടറി തുടങ്ങിയവ സ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.നടമ്മല്‍കടവ് പാലത്തിന് ഭൂമി ഏറ്റെടുത്ത് ഭരണാനുമതി ആയിട്ടുണ്ടെങ്കിലും ആദ്യം സ്ഥലം വിട്ടുനല്‍കി എഗ്രിമെ ന്റ് വച്ചവര്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ലെന്ന് കാരാട്ട് റസാഖ് എംഎല്‍എ പരാതിപ്പെട്ടു. വിദ്യാഭ്യാസ വായ്പ കുടിശ്ശിക സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ ബാങ്കുകള്‍ അമാന്തം കാണിക്കുന്നതായി ജോര്‍ജ് എം തോമസ് എംഎല്‍എ പരാതിപ്പെട്ടു.
ചെറിയ പ്രവൃത്തികളോ നടപടികളോ പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ കോടികള്‍ ചെലഴിച്ച് നിര്‍മിച്ച നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വെറുതെ കിടക്കുന്നതായും ഇവ പരിശോധിച്ച് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് നടപടി വേണമെന്നും പി ടി എ റഹീം എംഎല്‍എ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it