kozhikode local

വടകരയില്‍ ജനതാദള്‍ സെക്കുലറില്‍ ഭിന്നത

പിസി അബ്ദുല്ല

വടകര: ഇടതു മുന്നണിയില്‍ ജെഡിഎസിന്റെ സിറ്റിങ് സീറ്റായ വടകരയില്‍ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി തര്‍ക്കം. സീറ്റിന് അവകാശവാദം ഉന്നയിച്ച് കേന്ദ്ര കമ്മിറ്റിയംഗം എംകെ പ്രേംനാഥ് രംഗത്തെത്തിയതാണ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി സികെ നാണുവാണ് വടകരയില്‍ മത്സരിച്ച് വിജയിച്ചത്. ജനതാദള്‍ പിളര്‍പ്പിനെ തുടര്‍ന്ന് വീരേന്ദ്രകുമാര്‍ പക്ഷത്തായിരുന്നു എംകെ പ്രേംനാഥ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സികെ നാണുവിനെതിരെ മല്‍സരിച്ച പ്രേംനാഥ് രണ്ട് വര്‍ഷം മുമ്പാണ് വീരേന്ദ്രകുമാര്‍ വിഭാഗം ദളില്‍ നിന്നും രാജിവച്ച് ജനതാദള്‍ സെക്കുലറില്‍ ചേര്‍ന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും വടകര മണ്ഡലം കമ്മിറ്റിയിലും ഇത്തവണ പ്രേംനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം, സിപിഎമ്മിന്റെ പിന്തുണ സി.കെ നാണുവിനാണെന്നാണ് സൂചന. നാണു തന്നെയാവും ഇക്കുറിയും സ്ഥാനാര്‍ത്ഥിയെന്ന അഭിപ്രായമാണ് ഇടതുമുന്നണി കേന്ദ്രങ്ങള്‍ പങ്കുവെക്കുന്നത്. എന്നാല്‍ ഇത്തവണ നാണുവിന് വിജയ സാധ്യതയില്ലെന്നാണ് ജനതാദള്‍ സെക്കുലറിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
2011ല്‍ ജില്ലയില്‍ ഏറ്റവും കൂറഞ്ഞ ഭൂരിപക്ഷത്തിന്(847) ജയിച്ച ഇടതു സ്ഥാനാര്‍ത്ഥി നാണുവാണെന്നും ഇത്തവണ പരീക്ഷണത്തിന് നിന്നാല്‍ മണ്ഡലം കൈവിട്ടു പോകുമെന്നുമാണ് പ്രേംനാഥുമായി അടുപ്പമുള്ള വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പത്ത് ദിവസം മുമ്പ് ചേര്‍ന്ന ജെഡിഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രേംനാഥിന് അനുകൂലമായാണ് ചിലര്‍ വാദിച്ചത്.
1996, 2001, 2011 കാലയളവില്‍ വടകര മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചത് സി കെ നാണുവാണ്. അവസാന നായാനാര്‍ മന്ത്രിസഭയില്‍ 15 മാസം നാണു വനം-ഗതാഗത മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 മുതല്‍ 2011വരെ എം കെ പ്രേംനാഥാണ് വടകര മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. ഇടതുമുന്നണിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമെ വടകരയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ജെഡിഎസ് സംസ്ഥാന നേതാക്കള്‍ അറിയിച്ചു.
യുഡിഎഫില്‍ ജെഡിയുവിനാണ് വടകര സീറ്റ്. മനയത്ത് ചന്ദ്രന്റെ പേരാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
Next Story

RELATED STORIES

Share it