വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക്; മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: കേരള വഖ്ഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്‌ലിംസംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ, എംഇഎസ്, എംഎസ്എസ്, മെക്ക, കേരള മുസ്‌ലിം ജമാഅത്തെ കൗണ്‍സില്‍ എന്നീ സംഘടനകളാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു നവംബര്‍ 23ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വഖ്ഫ് ബോര്‍ഡിലെയും കേരള ദേവസ്വം ബോര്‍ഡിലെയും നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ നിന്നു പിന്‍മാറുകയും വഖ്ഫ് ബോര്‍ഡിന്റെ കാര്യത്തില്‍ നിഷേധാത്മക നിലപാടെടുക്കുകയുമാണ് ചെയ്തത്. 106 നിയമനങ്ങള്‍ മാത്രമുള്ള വഖ്ഫ് ബോര്‍ഡിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്നത് ഇരട്ടത്താപ്പാണെന്നു മുസ്‌ലിംലീഗ് നേതാവ് മായിന്‍ഹാജി പറഞ്ഞു. ജീവനക്കാരുടെ നിയമനത്തിനായി വഖ്ഫ് ആക്റ്റിലും നിയമത്തിലും പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനങ്ങള്‍ നടത്തുന്നത്. 2003ന് ശേഷം സ്ഥിരനിയമനമൊന്നും തന്നെ നടത്തിയിട്ടില്ല. മാത്രമല്ല, വഖ്ഫ് നിയമനത്തിനെതിരേ ഇന്നുവരെ ആരോപണമൊന്നും ഉയര്‍ന്നിട്ടുമില്ല. കേരളത്തില്‍ ഈ നിയമം നടപ്പാക്കുന്നതോടെ മറ്റു സംസ്ഥാന സര്‍ക്കാരുകളും വഖ്ഫ് ബോര്‍ഡുകളുടെ കാര്യത്തില്‍ ഈ നിലപാടുതന്നെ പിന്തുടരും. മതവിശ്വാസികളും മുസ്‌ലിം സ്ഥാപനങ്ങളോട് പ്രതിബദ്ധതയുള്ളവരുമായിരിക്കണം വഖ്ഫ് ബോര്‍ഡിന്റെ ചുമതല നിര്‍വഹിക്കേണ്ടത്. പിഎസ്‌സി നിയമനം വരുന്നതോടെ ഈ വ്യവസ്ഥ ദുര്‍ബലപ്പെടും. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നു കഴിഞ്ഞ 13ന് എം ഐ ഷാനവാസ് എംപിയുടെ നേതൃത്വത്തില്‍ ഗവര്‍ണറെ കണ്ടു നിവേദനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നു പിന്‍മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനു രൂപം നല്‍കാനായി 26ന് വൈകീട്ട് എംഎസ്എസ് ഓഡിറ്റോറിയത്തില്‍ കണ്‍വന്‍ഷന്‍ നടത്തും. കണ്‍വന്‍ഷന്‍ പാണക്കാട് സയ്യിജ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ പി എ മജീദ്, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ടി പി അബ്ദുല്ലക്കോയ മദനി, ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, മണ്ണാര്‍മല സമദ് മൗലവി, ഡോ. പി എ ഫസല്‍ ഗഫൂര്‍, സി പി കുഞ്ഞിമുഹമ്മദ്, എന്‍ കെ അലി, അഡ്വ. കെ എ ഹസന്‍ സംബന്ധിക്കും. അഡ്വ. പി വി സൈനുദ്ദീന്‍ വിഷയാവതരണം നടത്തും. എം മായിന്‍ഹാജി, ടി എം ശരീഫ് മൗലവി, കെ മോയിന്‍കുട്ടി മാസ്റ്റര്‍, ഫൈസല്‍ പള്ളിക്കണ്ടി, വി അബ്ദുല്‍ സലാം പങ്കെടുത്തു.
Next Story

RELATED STORIES

Share it