thiruvananthapuram local

ലോറി പാര്‍ക്കിങ് യാര്‍ഡ് തൊണ്ടിവാഹനങ്ങളുടെ ശവപറമ്പായി; നവീകരണ പദ്ധതി തൃശങ്കുവില്‍

നെടുമങ്ങാട്: ലോറി പാര്‍ക്കിങ്ങിനായി നഗരസഭ ഏര്‍പ്പെടുത്തിയ യാര്‍ഡ് തൊണ്ടി വാഹനങ്ങളുടെ ശവപ്പറമ്പായി മാറി.
നഗരത്തിലെ അനിയന്ത്രിത വാഹന പാര്‍ക്കിങ്ങിന് അറുതിവരുത്താനാണ് മുന്‍ നഗരസഭാ കൗണ്‍സില്‍ യാര്‍ഡ് ആരംഭിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ നവീകരണ പദ്ധതികള്‍ എങ്ങുമെത്താതായതോടെ പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തള്ളാനുള്ള ഇടമായി യാര്‍ഡ് അവശേഷിച്ചിരിക്കുകയാണ്. ടൗണിനോട് ചേര്‍ന്ന് ലോറി പാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലസൗകര്യം ഒരുക്കുക എന്നതായിരുന്നു നഗരസഭയുടെ പദ്ധതി. ഏറെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയ്ക്കായി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശത്തായി നഗരസഭ 80 സെന്റ് സ്ഥലവും വാങ്ങി. ആദ്യ ഘട്ടമായി, ലോറിതൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കിയ ചെറിയ മന്ദിരം നിര്‍മിച്ച് അതിന്റെ ഉദ്ഘാടനവും നടത്തി. എന്നാല്‍ പൂര്‍ണാര്‍ഥത്തില്‍ ഈ പ്രദേശം ലോറി പാര്‍ക്കിങ് യാര്‍ഡായി മാറ്റണമെങ്കില്‍ മതില്‍ കെട്ടി ഗേറ്റ് സ്ഥാപിച്ച് അനധികൃത കൈയേറ്റം തടയണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഗതാഗതത്തിന് തടസ്സമായി യാര്‍ഡിലേക്കുള്ള റോഡിലുണ്ടായിരുന്ന ഗട്ടറുകള്‍ നികത്തി. ഇവിടേക്ക് ടൗണില്‍ നിന്നും ഒഴുക്കിവിടുന്ന മലിനജലം ഒഴുക്കികളയാന്‍ കോണ്‍ക്രീറ്റ് ഓട നിര്‍മിക്കണമെ ആവശ്യം പരിഗണിച്ച് ഒരു കോടി രൂപയുടെ പുതിയ പദ്ധതിയും തയാറാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലവത്താകാതെ വന്നതോടെ ലോറി പാര്‍ക്കിങ് യാര്‍ഡ് ഇപ്പോള്‍ തൊണ്ടി വാഹനങ്ങള്‍ കയറ്റിയിടാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്.വിവിധ കേസുകളില്‍ പൊലിസ് പിടിച്ചെടുത്ത നിരവധി വാഹനങ്ങളാണ് ഇവിടെ തലങ്ങും വിലങ്ങുമായി തള്ളിയിരിക്കുന്നത്.
ഇവയെല്ലാം ഇവിടെ നിന്ന് മാറ്റിയാല്‍ മാത്രമേ ഒരു കോടി രൂപയുടെ നവീകരണ പദ്ധതികള്‍ തുടങ്ങാന്‍ കഴിയൂവെന്നിരിക്കെ അതിനുള്ള യാതൊരു നടപടിയും ഇനിയും ആരംഭിച്ചിട്ടില്ല. ഫലത്തില്‍ ലോറി പാര്‍ക്കിങ് യാര്‍ഡ് ആധുനികവല്‍കരിക്കാന്‍ തയ്യാറാക്കിയ പദ്ധതി അവസാനിക്കാന്‍ മൂന്നുമാസം മാത്രം ശേഷിക്കെ ഈ തുകയെല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥയാണിപ്പോള്‍.
Next Story

RELATED STORIES

Share it