Pravasi

ലോക കപ്പ് കാണാനെത്തുന്നവര്‍ക്ക് വഴികാട്ടാന്‍ ആപ്പ് ഒരുങ്ങുന്നു



ദോഹ: ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തുന്നവര്‍ക്ക് വഴികാട്ടാനും ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങള്‍ കൈമാറുന്നതിനുമായി മൊബൈല്‍ ആപ്പ് വികസിപ്പിക്കും. സൗദിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി ആപ്പ് വികസിപ്പിക്കുന്നത്. ലോക കപ്പ് ഫുട്‌ബോള്‍ വേളയില്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനായി സംഘാടകരായ  സുപ്രിം കമ്മിറ്റി ഫോര്‍ ഡലിവറി ആന്റ് ലഗസി സംഘടിപ്പിച്ച  ഇന്നവേഷന്‍ അവാര്‍ഡില്‍ മികവു പുലര്‍ത്തിയ സംഘമാണ് ആപ്പ് അവതരിപ്പിച്ചത്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ സഹായകമാകുന്ന സവിശേഷമായ ആപ്പാണ് എന്‍ജിനീയര്‍ ഫൈസല്‍ അല്‍ഫിര്‍ദോസിന്റെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിക്കുന്നതെന്ന് സുപ്രിം കമ്മിറ്റി വെബ്‌സൈറ്റ് വിശേഷിപ്പിച്ചു. ചാലഞ്ച് 22 എന്ന പേരിലാണ് സുപ്രിം കമ്മിറ്റി ഇന്നൊവേഷന്‍ അവാര്‍ഡ് സംഘടിപ്പിക്കുന്നത്. ലോകകപ്പിന് ഉപയോഗിക്കാവുന്ന സാങ്കേതിക മികവുകള്‍ വികസിപ്പിക്കുന്നത് പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം. മൊബൈല്‍ ടിക്കറ്റിങ്, പ്രവേശന വിവരങ്ങള്‍, സ്റ്റേഡിയത്തിനകത്ത് സീറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളിലേക്കുള്ള വഴികാട്ടല്‍ (നാവിഗേഷന്‍), ലൊക്കേഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ള നോട്ടിഫിക്കേഷന്‍, അലാറ്റിക്കല്‍ ടൂള്‍സ്, റിപ്പോര്‍ട്ടിങ് തുടങ്ങിയ വിവിധ വിവരങ്ങളും സഹായങ്ങളും ആപ്പ് നല്‍കും. ഖത്തര്‍ വേള്‍ഡ് കപ്പ് എല്ലാവര്‍ക്കും ആസ്വാദ്യകരമാക്കുന്നതിനുള്ള സഹായമാണ് ആപ്പിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഫൈസല്‍ അല്‍ഫിര്‍ദോസ് പറഞ്ഞു. പ്രധാന ഭാഷകളിലെല്ലാം ആപ്പ് ലഭ്യമാക്കും. അമേരിക്കയില്‍   നടന്ന  പ്രധാന കായിക മല്‍സരങ്ങള്‍ക്ക് സമാനമായ സ്മാര്‍ട്ട് വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്. സ്റ്റേഡിയത്തില്‍ വിതരണം ചെയ്യുന്ന ബ്ലൂടൂത്ത് ഡിവൈസിലൂടെ കാണികള്‍ക്ക് തങ്ങളുടെ സുഹൃത്തുക്കളെ കണ്ടു പിടിക്കുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും. ടിക്കറ്റുകള്‍ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തില്‍ സൈ്വപ്പ് ചെയ്യുന്നതോടെ മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും മെസേജ് ലഭിക്കുകയും ചെയ്യും. തുടര്‍ന്ന് ആപ്പ് വഴി കാട്ടും.
Next Story

RELATED STORIES

Share it