ലോക്‌സഭാ തിരഞ്ഞെടുപ്പ്അഡ്വാനിയെയും ജോഷിയെയും മല്‍സരിപ്പിക്കാനൊരുങ്ങി മോദി

ന്യൂഡല്‍ഹി: ബിജെപിയിലെ മോദിതരംഗത്തില്‍ പിന്നിലാക്കപ്പെട്ട മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷിയെയും അഡ്വാനിയെയും അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനൊരുങ്ങി മോദി. വിഷയത്തില്‍ മോദിയും അമിത് ഷായും അഡ്വാനിയുമായി കൂടിക്കാഴ്ച നടത്തിയതായി ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയാണു റിപോര്‍ട്ട് ചെയ്തത്.  പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായിട്ടും ഇരുവര്‍ക്കും ലോക്‌സഭയിലോ, പാര്‍ട്ടിയിലോ പ്രത്യേക പദവികളൊന്നും കൊടുത്തിരുന്നില്ല. സുപ്രധാന തീരുമാനങ്ങളെടുക്കുന്ന പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് ഇരുവരെയും ഒഴിവാക്കുകയും ചെയ്തു. ഇതിനു പരിഹാരമെന്നോണം ഇരുവരെയും ഉള്‍പ്പെടുത്തി മാര്‍ഗദര്‍ശക് മണ്ഡല്‍ എന്ന മുതിര്‍ന്ന നേതാക്കളുടെ സമിതിയും പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു യോഗം പോലും സമിതി കൂടിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ എന്നിവരാണു മറ്റു സമിതി അംഗങ്ങള്‍. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ ബിജെപിക്ക് എതിരായിരുന്നു. ഇവിടങ്ങളില്‍ പ്രതിപക്ഷ ഐക്യം വന്‍ വിജയം നേടുകയും ചെയ്തു. ചില കക്ഷികള്‍ എന്‍ഡിഎ വിട്ടുപോയതും ശിവസേനയും ജെഡിയുവും അസംതൃപ്തരാണെന്നതും പ്രതിപക്ഷ ചേരി ശക്തിപ്പെടുന്നതും തിരിച്ചറിഞ്ഞാണു മോദിയുടെ പുതിയ നീക്കം. വിജയസാധ്യത കണക്കിലെടുത്താണ് 90കാരനായ അഡ്വാനിയെയും 84കാരനായ ജോഷിയെയും മല്‍സരിപ്പിക്കാനൊരുങ്ങുന്നത്.
Next Story

RELATED STORIES

Share it