ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും: ഫാറൂഖ് അബ്ദുല്ല

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 എ, 370 എന്നിവയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മുന്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല. സമാനമായ ആവശ്യം ഉന്നയിച്ച്, അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ഫാറൂഖ് അബ്ദുല്ലയുടെ പാര്‍ട്ടിയായ നാഷനല്‍ കോണ്‍ഫറന്‍സ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിനു പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 35 എ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടി എടുത്തില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പും 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും വരെ തങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ലോക്‌സഭാ എംപിയായ ഫാറൂഖ് അബ്ദുല്ല പറഞ്ഞു. തങ്ങള്‍ എങ്ങനെ പ്രവര്‍ത്തകരോട് വോട്ട് ചെയ്യാന്‍ വരാന്‍ ആവശ്യപ്പെടും? ആദ്യം ഞങ്ങള്‍ക്ക് നീതി നല്‍കുക; 35 എയുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുക. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ദുര്‍ബലപ്പെടുത്താനാണ് നിങ്ങളുടെ പദ്ധതിയെങ്കില്‍ ഞങ്ങള്‍ക്ക് വേറെ വഴിയുണ്ട്. അപ്പോള്‍ നമുക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ല. നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാപകനും പിതാവുമായ ശെയ്ഖ് മുഹമ്മദ് അബ്ദുല്ലയുടെ 36ാമത് ചരമ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Next Story

RELATED STORIES

Share it