Flash News

ലോകകപ്പ്: പതാകകളുമായി കുരുന്നുകളുടെ റോഡ് ഷോ

തൃശൂര്‍: ലോക ഫുട്‌ബോളിലെ പ്രതിഭകള്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ പതിച്ച പ്ലക്കാര്‍ഡുകളുമായി താളവാദ്യങ്ങളുടെ അകമ്പടിയോടെ കുരുന്നുകള്‍ അണിനിരന്നപ്പോള്‍ ആവേശം കൊടുമുടിചൂടി. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് 2018ല്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളുടെയും ഇന്ത്യയുടെയും പതാകയേന്തിയ ബാനറുകള്‍ കൈകളിലേന്തിയ പെണ്‍കുട്ടികളും ഉല്‍സവാന്തരീക്ഷത്തിന് മാറ്റുകൂട്ടി. എഫ്‌സി കേരളയും തൃശൂര്‍ പ്രസ്‌ക്ലബ്ബും ചേര്‍ന്ന് ഇന്നലെ രാവിലെ തൃശൂര്‍ നഗരത്തില്‍ ഒരുക്കിയ ഫുട്‌ബോള്‍ റോഡ്‌ഷോയാണു ശ്രദ്ധേയമായത്.
രാവിലെ കോര്‍പറേഷന്‍ സിന്തറ്റിക് ടര്‍ഫ് മൈതാനത്തെ യൂറോപ്യന്‍ ശൈലിയിലുള്ള പരിശീലനത്തിനുശേഷമാണ് എഫ്‌സി കേരളയുടെ കുട്ടികള്‍ ലോകകപ്പ് ജ്വരം നാടാകെ പടര്‍ത്താന്‍ രംഗത്തിറങ്ങിയത്. റോഡ്‌ഷോ തുടങ്ങുന്നതിനു മുമ്പ് കനത്തു പെയ്ത മഴയ്ക്കും ആഞ്ഞുവീശിയ കാറ്റിനുമൊന്നും എല്‍കെജി മുതല്‍ എഫ്‌സി കേരളയുടെ പ്രഫഷനല്‍ ടീം അംഗങ്ങള്‍ വരെയുള്ളവരുടെ സംഘത്തിന്റെ ആവേശത്തെ കെടുത്താനായില്ല. മുന്‍നിരയില്‍ വാദ്യമേളക്കാരും രണ്ടാംനിരയില്‍ എഫ്‌സി കേരളയുടെ താരങ്ങളും ഏറ്റവും പിന്നില്‍ എഫ്‌സി കേരളയുടെ കൂറ്റന്‍ ഫഌക്‌സേന്തിയ യുവാക്കളും നിരന്നു. ഷോ സ്വരാജ്‌റൗണ്ടിലെത്തിയപ്പോള്‍ കുട്ടികള്‍ക്കൊപ്പം പരിശീലകരും ഫുട്‌ബോള്‍പ്രേമികളും പ്രചാരണത്തില്‍ പങ്കാളികളായി. പരിപാടിയുടെ ഭാഗമായി ഷൂട്ടൗട്ട് മല്‍സരവും ഫുട്‌ബോള്‍ സ്‌കില്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു. കെഎഫ്എ സീനിയര്‍ വൈസ് പ്രസി. കെ പി സണ്ണി, എഫ്‌സി കേരള ഡയറക്ടര്‍ വി എ നാരായണമേനോന്‍, ചീഫ് കോച്ച് പി എ പുരുഷോത്തമന്‍, മാനേജര്‍ കെ എ നവാസ്, പ്രസ്‌ക്ലബ് പ്രസി. കെ പ്രഭാത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്ര. സുരേഷ്, ഡിഎഫ്എ സെക്ര. ഡേവിസ് മൂക്കന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റോഡ്‌ഷോ.
Next Story

RELATED STORIES

Share it