palakkad local

ലൈസന്‍സ് നല്‍കാന്‍ സമ്മര്‍ദം: വിജിലന്‍സ് അന്വേഷണത്തിന് നഗരസഭ



പാലക്കാട്: നഗരത്തിലെ ബാറോടു കൂടി പ്രവര്‍ത്തിക്കുന്ന ക്ലബിനോടനുബന്ധിച്ച് റസ്റ്റോറന്റ് അനുവദിച്ചു നല്‍കുന്നതിന് നഗരസഭാ കൗണ്‍സിലറും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ എന്‍ ശിവരാജന്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് നഗരസഭ. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷാംഗമായ സിപിഎം കൗണ്‍സിലര്‍ കുമാരിയാണ് കൗണ്‍സിലില്‍ ആവശ്യമുന്നയിച്ചത്. തുടര്‍ന്ന് യുഡിഎഫിലെ ഭവദാസ് പിന്താങ്ങുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തെ ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും വാക്കേറ്റത്തിലേര്‍പ്പെട്ടു.കഴിഞ്ഞ കൗണ്‍സിലിലാണ് നഗരസഭാ സെക്രട്ടറി രഘുരാമന്‍ എന്‍ ശിവരാജനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. റസ്‌റ്റോറന്റ് തുടങ്ങാന്‍ ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ശിവരാജന്‍ സമ്മര്‍ദം ചെലുത്തിയെന്നും തുടര്‍ന്ന് മലിനീകരണ ബോര്‍ഡിന്റെ അനുമതിയില്ലാതെ തന്നെ ലൈസന്‍സ് നല്‍കിയെന്നുമാണ് സെക്രട്ടറി വെളിപ്പെടുത്തിയത്. ആരോപണം ഉയര്‍ന്നതോടെ റസ്റ്റോറന്റിന് നല്‍കിയ അനുമതി കൗണ്‍സില്‍ യോഗം റദ്ദാക്കുകയും ചെയ്തിരുന്നു. ശിവരാജനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഭരണപക്ഷം അന്ന് മൗനം അവലംബിച്ചതു ചര്‍ച്ചയായിരുന്നു. എന്നാല്‍, ഇന്നലെ ബിജെപി അംഗങ്ങള്‍ ശിവരാജനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, കൗണ്‍സിലില്‍ നഗരസഭാ സെക്രട്ടറി എത്താത്തതും ചര്‍ച്ചയായി. ശിവരാജന്‍ സെക്രട്ടറിയില്‍ സമ്മര്‍ദ്ദം ചെലുത്തിയതും റസ്റ്റോറന്റിന് അനുമതി നല്‍കിയതും വിജിലന്‍സ് അന്വേഷിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ബിജെപി കൗണ്‍സിലര്‍മാര്‍ ആദ്യംസ്വാഗതം ചെയ്‌തെങ്കിലും പിന്നീട് നിലപാട് മാറ്റി. ശിവരാജനെ ഒഴിവാക്കി, റസ്‌റ്റോറന്റിന് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട വിഷയം മാത്രം വിജിലന്‍സിന് വിട്ടാല്‍ മതിയെന്നായിരുന്നു ബിജെപി അംഗങ്ങള്‍ ഉന്നയിച്ചത്. റസ്‌റ്റോറന്റിന് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറിയെ ശിവരാജന്‍ സമര്‍ദ്ദത്തിലാക്കിയെന്ന ആരോപണത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ഉറച്ചുനിന്നു. ഊഹാപോഹങ്ങളാണ് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നതെന്ന് ഭരണപക്ഷം പറഞ്ഞു. കഴിഞ്ഞ കൗണ്‍സിലില്‍ മിനുട്ട്‌സില്‍ രേഖപ്പെടുത്തിയ കാര്യങ്ങളാണ് തങ്ങള്‍ പറയുന്നതെന്ന് പ്രതിപക്ഷവും തിരിച്ചടിച്ചു. തുടര്‍ന്ന് ഇരുപക്ഷവും ചേരിതിരിഞ്ഞ് വാക്‌പോര് നടത്തി. ആരോപണങ്ങളും പ്രത്യാരോപണങ്ങളും രൂക്ഷമായതോടെയാണ് ശിവരാജനെ ഒഴിവാക്കി അന്വേഷണത്തിന് ശുപാര്‍ശചെയ്യാന്‍ നഗരസഭാധ്യക്ഷ തയ്യാറായത്. കഴിഞ്ഞദിവസം അന്തരിച്ച പുനത്തില്‍ കുഞ്ഞബ്ദുല്ല, ഐവി ശശി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. കൊടുവള്ളി മുനിസിപാലിറ്റിയില്‍ നിന്നും ജില്ലയിലെ തുമ്പുര്‍മുഴി മാലിന്യപ്ലാന്റ് സന്ദര്‍ശനത്തിനെത്തിയ കൊടുവള്ളി നഗരസഭാ പ്രതിനിധികള്‍ക്ക് കൗണ്‍സില്‍ ആരംഭിക്കുന്നതിനുമുമ്പ് സ്വീകരണം നല്‍കുകയും ചെയ്തു. അഴിമതി ആരോപണത്തില്‍ കൗണ്‍സിലര്‍ ശിവരാജനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതോടെ ബിജെപി പരുങ്ങലിലായിട്ടുണ്ട്.
Next Story

RELATED STORIES

Share it