thrissur local

ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതി: 2.38 കോടി വിതരണം ചെയ്തു ്

തൃശൂര്‍: ലൈഫ് മിഷന്‍ പദ്ധതിക്ക് 2.38 കോടി രൂപ പട്ടികജാതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് വിതരണം ചെയ്തു. ജില്ലയില്‍ 5057 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനുണ്ട്.
ജില്ലാ പഞ്ചായത്ത് 2003-04 മുതല്‍ 2009-10 വരെ വര്‍ഷങ്ങളില്‍ ഏറ്റെടുത്തിരുന്ന ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീട് നിര്‍മ്മാണം ആരംഭിക്കുകയും എന്നാല്‍ നിര്‍മ്മാണം സ്തംഭനാസ്ഥയിലാവുകയും ചെയ്ത വീടുകളുടെ നിര്‍മ്മാണം മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കുന്നതിനാണ് ഇപ്പോള്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പസിഡന്റ് പറഞ്ഞു. ജനുവരി 18, 19, 20 തീയതികളില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഗുണഭോക്താക്കളുടെ സംഗമത്തില്‍ 275 പേര്‍ പങ്കെടുത്തു.
അവരില്‍ 84 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുളള 157 പേര്‍ക്ക് മാത്രമേ മുന്‍കൂര്‍ തുക അനുവദിക്കേണ്ടേ സാഹചര്യം ഉണ്ടായിരുന്നുളളൂ. വീട് പണി പൂര്‍ത്തികരിക്കേണ്ടവര്‍ക്ക് ഒരു വീടിന് 4 ലക്ഷം രൂപ എന്ന അടിസ്ഥാന ചെലവ് കണക്കാക്കി ആനുപാതികമായ തുക മുന്‍കൂര്‍ ആയി ഇതിനകം 135 പേര്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു.
മുന്‍കൂര്‍ നല്‍കിയ ഗുണഭോക്താക്കള്‍ പണം  കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് സ്ഥലപരിശോധന നടത്തി ഉറപ്പുവരുത്തും. ഓരോ ബ്ലോക്ക് അടിസ്ഥാനത്തിലും ജീവനക്കാരുടെ ഒരു ടീം രൂപീകരിച്ച് ഉടന്‍ പരിശോധന ആരംഭിക്കും. വഴിയില്ലാത്തതും വെളളമില്ലാത്തതുമായ  അസൗകര്യങ്ങള്‍ മൂലമുണ്ടാകുന്ന വീട് നിര്‍മ്മാണ അധികചെലവ് ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ ഭവനനിധിയില്‍ നിന്ന് പരിഹരിക്കാന്‍ കഴിയാത്തത് ജില്ലാ പഞ്ചായത്ത്  പരിശോധിച്ച് പണി പൂര്‍ത്തീകരിക്കാന്‍ സഹായിക്കുമെന്നും പ്രസിഡണ്ട് ഉറപ്പു നല്‍കി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെന്നി ജോസഫ്, ലില്ലി ഫ്രാന്‍സീസ്, സുരേഷ് ബാബു, അഡ്വ. ജയന്തി സുരേന്ദ്രന്‍, ഇ എ ഓമന, ടി ജി ശങ്കരനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം പത്മിനി സ്വാഗതവും സെക്രട്ടറി ടി എസ് മജീദ് നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it