Kottayam Local

ലൈഫ് പദ്ധതിയുടെ മെല്ലെപ്പോക്ക് ; കൗണ്‍സിലില്‍ വിമര്‍ശനം



ചങ്ങനാശേരി: ഭൂരഹിത-ഭവനരഹിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നഗരസഭാ ഭരണസമിതിയും ഉദ്യോഗസ്ഥരും ശ്രദ്ധിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ഇതിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തി. ലൈഫ് പദ്ധതിയിലൂടെ സ്ഥലവും വീടും സ്വന്തമായി ലഭിക്കുന്നതിന് അപേക്ഷ നല്‍കിയവരുടെ വിവരങ്ങള്‍ കൗണ്‍സിലില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ കൃത്യമായ മറുപടി നല്‍കാന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാവാതിരുന്നതാണ് രൂക്ഷവിമര്‍ശനത്തിനിടയാക്കിയത്. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ സ്ഥലവും വീടും ലഭിക്കുന്നതിന് 900 ഓളം അപേക്ഷകളാണ് നഗരസഭയില്‍ ലഭിച്ചത്. ഇതില്‍ 300 പേര്‍ക്കു മാത്രമാണ് അപേക്ഷാഫോം നല്‍കിയിട്ടുള്ളതെന്നും ബാക്കിവരുന്ന 70 ശതമാനം ഗുണഭോക്താക്കള്‍ക്കും അപേക്ഷാഫോം നല്‍കുന്നതിന് നടപടി സ്വീകരിക്കാത്തത് തെറ്റായ നടപടിയാണെന്നും നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങല്‍ ആരോപിച്ചു.  ലൈഫ് പദ്ധതി നടപ്പാക്കുന്നതിലെ അപാകതകളും കാലതാമസവും അടിയന്തരമായി പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് അംഗങ്ങള്‍ ഏകസ്വരത്തില്‍ ആവശ്യപ്പെട്ടതോടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കി. ജി സുഗതന്‍, ജി സുരേഷ്ബാബു, അഡ്വ.പി എസ് മനോജ്, അംബികാ വിജയന്‍, സാജന്‍ ഫ്രാന്‍സിസ്, സിബി തോമസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it