Kollam Local

ലൈഫ് പദ്ധതിയിലേക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍



കൊട്ടാരക്കര: നെടുമണ്‍കാവ് പൊതുജനാരോഗ്യ കേന്ദ്രത്തിന്റെ ഉടമസ്ഥതതയിലുള്ള 80 സെന്റ് സ്ഥലത്ത് ഫഌറ്റ് നിര്‍മിക്കുന്നതിന് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പദ്ധതി സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ നിര്‍ദ്ദേശം നല്‍കി. ബ്ലോക്കില്‍ ഒരു ദിവസം കലക്ടര്‍ പരിപാടിയുടെ ഭാഗമായി കൊട്ടാരക്കരയില്‍ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ക്വാര്‍ട്ടേഴ്‌സ് ഉപയോഗയുക്തമല്ല എന്ന് ജനപ്രതിനിധികള്‍ അറിയിച്ച സാഹചര്യത്തിലാണ് ഫഌറ്റ് നിര്‍മാണത്തിന് പദ്ധതി ആകാമെന്ന് നിര്‍ദ്ദേശമുണ്ടായത്.  ലൈഫ് പദ്ധതിയുടെ തുടക്കമെന്ന നിലയിലാണ് ഒരു കാര്‍ഡിന് ഒരു വീടെന്ന നിബന്ധനയെന്നും ജില്ലയില്‍ വീടില്ലാത്ത എല്ലാവര്‍ക്കും വീടു ലഭ്യമാക്കുന്നതിനുള്ള സാഹചര്യമുണ്ടാകുമെന്നും കലക്ടര്‍ വ്യക്തമാക്കി. അടിയന്തര പരിഹാരം കാണേണ്ട ഒട്ടേറെ വിഷയങ്ങള്‍ ജനപ്രതിനിധികള്‍ ഉന്നയിച്ചു. എഴുകോണില്‍ ദേശീയപാതയ്ക്ക് തടസ്സമുണ്ടാക്കുന്ന റെയില്‍വേ മേല്‍പ്പാലം മാറ്റിസ്ഥാപിക്കുന്നതടക്കമുള്ള വിഷയങ്ങളും അവതരിപ്പിക്കപ്പെട്ടു. പുറമ്പോക്ക് സ്ഥലം വിനിയോഗിച്ച് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കണമെന്ന പൊതു ആവശ്യം എല്ലാ പഞ്ചായത്ത് പ്രതിനിധികളും ഉന്നയിച്ചു. പുറമ്പോക്ക് ഭൂമിയുടെ സര്‍വേ നമ്പരടക്കം ഉള്‍പ്പെടുത്തി അപേക്ഷിക്കുന്നവ പരിഗണിക്കുമെന്ന ഉറപ്പാണ് കലക്ടര്‍ നല്‍കിയത്. റെയില്‍വെ മേല്‍പ്പാലം സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പരിഹാര നടപടികള്‍ സ്വീകരിക്കും .പാറ ക്വാറികള്‍ പഞ്ചായത്തുകള്‍ ഏറ്റെടുത്തോ സൊസൈറ്റികള്‍ രൂപീകരിച്ചോ പ്രവര്‍ത്തിപ്പിക്കുന്നതിന് സാഹചര്യമുണ്ടെങ്കില്‍ അതും പരിശോധിക്കും. കൊട്ടാരക്കര ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട് മിനി സ്‌റ്റേഡിയമാക്കണമെന്ന ആവശ്യത്തിന് പരിഹാരമായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. റോഡരുകിലെ മാലിന്യനിക്ഷേപം തടയാന്‍ എംജിഎന്‍ആര്‍ഇജിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടങ്ങളില്‍ പൂമരങ്ങള്‍ നടാനും ജാഗ്രതാസമിതികള്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്. യുവതീ യുവാക്കളുമായി നടത്തിയ ആശയവിനിമയത്തില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടാനുള്ള വഴികളാണ് കലക്ടര്‍ പങ്കിട്ടത്. തുടര്‍ന്ന് ബ്ലോക്കിലെ പട്ടികജാതി കോളനികള്‍ സന്ദര്‍ശിച്ച് അടിയന്തര പരിഹാരം കാണേണ്ട വിഷയങ്ങള്‍ വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശികുമാര്‍, എഡിസി ജനറല്‍ വി സുദേശന്‍, ബിഡിഒ അനില്‍കുമാര്‍, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ജി സുധാകരന്‍, കൊട്ടാരക്കര ബ്ലോക്ക്, അഞ്ച് ഗ്രാമപ്പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 131 ജനപ്രതിനിധികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it