Idukki local

ലേലം ചെയ്യാന്‍ നടപടിയില്ല ; വണ്ടന്‍മേട് പോലിസ് സ്റ്റേഷന്‍ വളപ്പില്‍ ഉപകരണങ്ങളും വാഹനങ്ങളും നശിക്കുന്നു



വണ്ടന്മേട്: ലേലം ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന ഉപകരണങ്ങളും വാഹനങ്ങളും മണലും വണ്ടന്‍മേട് പോലിസ് സ്റ്റേഷന്‍ വളപ്പില്‍ കിടന്നു നശിക്കുന്നു. മണലൂറ്റ് വ്യാപകമായിരുന്ന സമയത്ത് അണക്കര മേഖലയില്‍ നിന്ന് പിടിച്ചെടുത്തവയാണ് ഇവയില്‍ ഭൂരിഭാഗവും. വര്‍ഷങ്ങളായി പോലിസ് സ്റ്റേഷന്‍ വളപ്പില്‍ വെയിലും മഴയുമേറ്റ് കിടക്കുന്ന വാഹനങ്ങളും മോട്ടോറുകളുമെല്ലാം തുരുമ്പെടുത്തു നശിക്കുകയാണ്. വന്‍തോതില്‍ മണലും സ്റ്റേഷന്‍ പരിസരത്തു സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും മണ്ണായി മാറിയിട്ടുണ്ട്. അവശേഷിക്കുന്നവ പോലും സംരക്ഷിക്കാന്‍ നടപടിയില്ല. അണക്കര മേഖലയിലെ പാടശേഖരങ്ങളില്‍ മണലൂറ്റ് നടത്തിയ കേസില്‍ റവന്യു വകുപ്പ് അധികൃതരും പോലിസും പിടികൂടിയ കുതിരശക്തി കൂടിയ മോട്ടോറുകള്‍, ട്രാക്ടര്‍, ലോറി തുടങ്ങിയവയെല്ലാമാണ് നശിക്കുന്നത്.കൂടാതെ വന്‍തോതില്‍ ഹോസുകളും ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. മോട്ടോറുകളില്‍ ഭൂരിഭാഗവും തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. വാഹനങ്ങളുടെ സ്ഥിതിയും മറിച്ചല്ല. പല വസ്തുക്കളും നശിച്ചു കാടുകയറി മൂടിയ നിലയിലാണ്. സ്റ്റേഷന്‍ പരിസരത്ത് വിവിധയിടങ്ങളിലായി കൂട്ടിയിട്ട മണല്‍ മണ്ണുകൂനയായി മാറിക്കഴിഞ്ഞു. പോലിസില്‍ നിന്ന് ഇക്കാര്യം റവന്യു വകുപ്പിനെ അറിയിച്ചെങ്കിലും നടപടി ഇല്ല.ഇതിനൊപ്പം മറ്റു കേസുകളില്‍ പിടികൂടിയ വാഹനങ്ങളും ഇവിടെ കിടന്നു നശിക്കുകയാണ്. കുമളി സ്റ്റേഷന്‍ പരിസരത്തു സ്ഥല സൗകര്യമില്ലാത്തതിനാല്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട് അവിടെ പിടികൂടിയ വാഹനങ്ങളും ഏതാനും നാള്‍ മുമ്പ് വണ്ടന്‍മേട് സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. ഇവ ലേലം ചെയ്യാന്‍ ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ അവശേഷിക്കുന്ന വസ്തുക്കള്‍ കൂടി നശിക്കുന്ന സ്ഥിതിയാണ്.
Next Story

RELATED STORIES

Share it