Pravasi

ലുലു ഗ്രൂപ്പ് ശ്രീലങ്കയില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് ആരംഭിച്ചു



ദോഹ:  പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്  ലോക നിലവാരത്തിലുള്ള ഭക്ഷ്യ സംസ്‌കരണ, കയറ്റുമതി യൂണിറ്റ് ശ്രീലങ്കയില്‍ ആരംഭിച്ചു. 'വൈഎഎസ് ലങ്ക' എന്നു പേരിട്ടിരിക്കുന്ന പുതിയ സംരംഭം  പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫും  ക്രമസമാധാന മന്ത്രിയുമായ സഗല രതനായക ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സംസ്‌കരണ രംഗത്ത് ഉന്നത ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും  വിതരണത്തില്‍ തടസ്സം നേരിടാതിരിക്കാനും ഇടനിലക്കാരെ ഒഴിവാക്കാനുമുള്ള കാഴ്ചപ്പാടിന്റെ ഭാഗമായാണ് ലുലു സ്വന്തം നിലയില്‍ ഇത്തരം യൂണിറ്റുകള്‍ ആരംഭിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു .ശ്രീലങ്ക പഴങ്ങളുടേയും പച്ചക്കറികളുടേയും വന്‍ ഉല്‍പാദന  കേന്ദ്രമാണെന്നും ശ്രീലങ്കന്‍ സര്‍ക്കാറുമായി മികച്ച സഹകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  50 ലക്ഷം ഡോളറിന്റെ പഴവും പച്ചക്കറിയുമാണ് ലുലു കയറ്റുമതി ചെയ്യുന്നതെന്നും ഇതു ഒരു കോടി ഡോളറായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊളംബോ രാജ്യാന്തര വിമാനത്താവളത്തിനു സമീപം കട്ടനായകി എക്‌സ്‌പോര്‍ട്ട് പ്രൊസസിങ് സോണിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള വൈഎഎസ് ലങ്ക പ്രവര്‍ത്തിക്കുന്നത്. ശ്രീലങ്കയില്‍ നിന്നും വിവിധയിനം പഴങ്ങളും പച്ചക്കറികളും മറ്റുല്‍പന്നങ്ങളും ശേഖരിക്കുകയും സംഭരിക്കുകയും പായ്ക്ക് ചെയ്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലുലു ഔട്ട്‌ലെറ്റുകളിലേക്ക് കയറ്റുമതിചെയ്യുകയെന്നതാണ് ലങ്കന്‍ സംരംഭത്തിന്റെ പ്രാഥമികലക്ഷ്യം. ആദ്യഘട്ടത്തില്‍ 20മില്യണ്‍ യുഎസ് ഡോളറാണ് ഇതിനായി നിക്ഷേപിച്ചിരിക്കുന്നത്. കൊളംബോയില്‍ ഉടന്‍തന്നെ ലോകനിലവാരത്തിലുള്ള ഷോപ്പിങ് മാളും അത്യാധുനിക ഹൈപ്പര്‍മാര്‍ക്കറ്റും തുറക്കുമെന്നും യൂസുഫലി പറഞ്ഞു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എന്നിവരുമായും എം എ യൂസുഫലി കൂടിക്കാഴ്ച നടത്തുകയും ലുലുവിന്റെ ഭാവിപദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യും. കൊളംബോയിലേതിനു സമാനമായ സംസ്‌കരണ കയറ്റുമതി യൂണിറ്റുകള്‍ യുകെ, അമേരിക്ക, തുര്‍ക്കി, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ചൈന, ആഫ്രിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it