Idukki local

ലിസമ്മ സാജന് കോടതിച്ചെലവ് നല്‍കാന്‍ ഉത്തരവ്‌

ചെറുതോണി: ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമായ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സമര്‍പ്പിച്ച തിരഞ്ഞെടുപ്പു ഹരജി കോടതി തള്ളി. പൈനാവ് ഡിവിഷനില്‍ നിന്നു വിജയിച്ച ലിസമ്മ സാജനെതിരേ മത്സരിച്ച ശശികല രാജു സമര്‍പ്പിച്ച ഹരജിയാണ് തൊടുപുഴ ജില്ലാ ജഡ്ജി വി ജി അനില്‍കുമാര്‍ തള്ളിയത്. ലിസമ്മ സാജന് കോടതിച്ചെലവ് നല്‍കാനും ഹരജിക്കാരിയോട് കോടതി ഉത്തരവിട്ടു.
യുഡിഎഫ് സ്ഥാനാര്‍ഥിയാണെന്നു പ്രചരിപ്പിച്ച് ലിസമ്മ സാജനും ചീഫ് ഇലക്ഷന്‍ ഏജന്റ് റോമിയോ സെബാസ്റ്റിയനും ചേര്‍ന്ന് വോട്ടര്‍മാരെ തെറ്റിധരിപ്പിച്ചെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പു ചിഹ്‌നമായ ആപ്പിള്‍ യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റിയുടെ പേരില്‍ അച്ചടിച്ച് പ്രചരിപ്പിച്ചെന്നുമായിരുന്നു ആരോപണം. യുഡിഎഫിന്റെ പരാതിപ്രകാരം പോലിസ് കേസ് എടുത്തിരുന്നു.
എന്നാല്‍, യുഡിഎഫിന്റെ പേരില്‍ ലിസമ്മ സാജനോ പ്രവര്‍ത്തകരോ പോസ്റ്റര്‍ അച്ചടിച്ചതായി തെളിഞ്ഞിട്ടില്ലെന്ന് കേസ് പരിശോധിച്ച കോടതി നിരീക്ഷിച്ചു. മാത്രമല്ല, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സംശയം വരാന്‍ സാധ്യതയില്ലെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു.
യുഡിഎഫിന്റെ നയങ്ങളെ വിമര്‍ശിച്ചാണ് ലിസമ്മ സാജന്‍ വോട്ടര്‍മാര്‍ക്കിടയില്‍ പ്രചരണം നടത്തിയതെന്ന വസ്തുതയും കോടതി ശരിവച്ചു. തിരഞ്ഞെടുപ്പില്‍ 853 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ലിസമ്മ സാജന്റെ വിജയം.— ലിസമ്മ സാജനുവേണ്ടി അഭിഭാഷകനായ ബിജു പൂമാലില്‍ ഹാജരായി.
Next Story

RELATED STORIES

Share it