ലിഗയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്ന് പോലിസ്

തിരുവനന്തപുരം: വിദേശ വനിതയെ കോവളത്തിനു സമീപം തിരുവല്ലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയതു സംബന്ധിച്ച അന്വേഷണം  വഴിത്തിരിവില്‍. ലിഗയുടെ മരണം കൊലപാതകമാണെന്ന് പോലിസ് സ്ഥിരീകരിച്ചു. യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു. പോലിസ് സര്‍ജന്‍മാരുടെ പ്രാഥമിക നിഗമനം ഇത്തരത്തിലാണ്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. പീഡനശ്രമത്തിനിടെ മല്‍പ്പിടിത്തത്തില്‍ ലിഗ കൊല്ലപ്പെട്ടിരിക്കാമെന്നതാണ് നിഗമനം. ലിഗയുടെ കഴുത്തിലെ ഞരമ്പുകളില്‍ ക്ഷതമേറ്റിട്ടുണ്ട്. രക്തം കട്ടപിടിച്ചിട്ടുമുണ്ട്. കഴുത്തില്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചാലേ ഇങ്ങനെയുണ്ടാവൂ എന്ന് കമ്മീഷണര്‍ പറഞ്ഞു.
അതിനിടെ, പ്രതികളിലേക്കെത്തുന്നതിന് ഉതകുന്ന നിര്‍ണായക തെളിവുകള്‍ പോലിസിന് ലഭിച്ചു. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിനു സമീപത്തുനിന്ന് ഇവരുടേതല്ലാത്ത മുടിയിഴകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതു കൂടാതെ വാഴമുട്ടത്ത് നിന്ന് രണ്ടു ഫൈബര്‍ ബോട്ടുകളും പോലിസ് കസ്റ്റഡിയിലെടുത്തു. ലിഗ പ്രതികള്‍ക്കൊപ്പം സഞ്ചരിച്ചുവെന്ന് കരുതുന്ന വഴികളും പോലിസ് പരിശോധിച്ചു. വിദേശികള്‍ ഇവിടെ വരാറുണ്ടെന്ന് തോണിക്കാരനായ നാഗേന്ദ്രന്‍ എന്നയാള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്ഥിരമായി ഒരു ഏജന്റാണ് ഇവരെ കൊണ്ടുവരാറുള്ളതെന്നും നാഗേന്ദ്രന്‍ വെളിപ്പെടുത്തി. ഇതിനു മുമ്പ് കോവളത്ത് വിദേശ വനിതകളെ ഉപദ്രവിച്ച ഒരു പുരുഷ ലൈംഗികത്തൊഴിലാളി, സ്ഥിരമായി ജാക്കറ്റ് ധരിക്കുന്ന യോഗാ അധ്യാപകന്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ഒരു ഓവര്‍കോട്ട് പോലിസ് കണ്ടെടുത്തിരുന്നു.
Next Story

RELATED STORIES

Share it