palakkad local

ലാസ്റ്റ്‌ഗ്രേഡ് പരീക്ഷ ; കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തും



പാലക്കാട്: പിഎസ്്‌സിയുടെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷ ഇന്നു നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗാര്‍ഥികളുടെ യാത്ര പ്രശ്‌നം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി ജില്ലയില്‍ നിന്നു 11 അധിക സര്‍വീസുകള്‍ നടത്തും. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലേക്കടക്കമാണ് അധിക സര്‍വീസ് നടത്തുന്നത്. ജില്ലയില്‍ നിന്നുള്ള 49,961 ഉദ്യോഗാര്‍ഥികള്‍ 200 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതും. ജില്ല കൂടാതെ വയനാട്, കണ്ണൂര്‍ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണു പരീക്ഷ. പാലക്കാട്ടു നിന്നു പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരാനും പരീക്ഷ കഴിഞ്ഞ് തിരിച്ച് നാട്ടിലെത്താനും സഹായകമാവുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പൂജ അവധി വേളയില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തിയതു കാരണം മികച്ച കലക്്ഷനാണ് കെഎസ്ആര്‍ടിസിസിക്ക് ലഭിച്ചത്.പാലക്കാട് ഡിപ്പോയില്‍ നിന്ന് ഒമ്പതും ചിറ്റൂര്‍ ഡിപ്പോയില്‍ നിന്നു രണ്ടും അധിക സര്‍വീസുകള്‍ ഇന്നു നടത്തുന്നുണ്ട്. പാലക്കാടു നിന്നു മാനന്തവാടിയിലേക്ക് അഞ്ചും ബത്തേരിയിലേക്കു നാലു സര്‍വീസുകളും നടത്തുന്നുണ്ട്. മഞ്ചേരി, താമരശ്ശേരി വഴിയാണു ബസ്സുകളുടെ സര്‍വീസ്. ഇതുവഴി രണ്ടു മണിക്കൂര്‍ നേരത്തെ വയനാട്ടിലെത്താന്‍ പറ്റും. പുലര്‍ച്ചെ മൂന്നു മുതല്‍ അഞ്ചുവരെയായിരിക്കും ബസ്സുകളുടെ സര്‍വീസ്. ചിറ്റൂരില്‍ നിന്നു പുലര്‍ച്ചെ മൂന്നിനും മൂന്നേകാലിനും ഇടയില്‍ ബസ് പുറപ്പെടും. ആവശ്യക്കാരുണ്ടെങ്കില്‍ മണ്ണാര്‍ക്കാട്, വടക്കഞ്ചേരി ഡിപ്പോകളില്‍ സര്‍വീസ് ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞു മടങ്ങുന്നവര്‍ക്കു വൈകിട്ട് നാലു മുതല്‍ അഞ്ചുവരെ തിരിച്ചും സര്‍വീസ് നടത്തും.
Next Story

RELATED STORIES

Share it