ലാലു കുടുംബത്തിന്റെ 44.75 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു

പട്‌ന/ന്യൂഡല്‍ഹി: ഐആര്‍സിഐസി ഹോട്ടല്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിന്റെ സ്ഥാപനത്തിന്റെ പേരിലുള്ള പട്‌നയിലെ 44.75 കോടി വരുന്ന സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു.
11 സ്ഥലങ്ങളിലെ ഭൂമിയാണ് പിടിച്ചെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ എട്ടാംവകുപ്പ് പ്രകാരമാണ് നടപടി. ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ലാറ പ്രൊജക്ടസ് എല്‍എല്‍പി എന്നീ സ്ഥാപനങ്ങളുട പേരിലുള്ളതാണ് ഭൂമി. ലാലുവിന്റെ ഭാര്യ രാബ്രി ദേവി മാനേജിങ് പാര്‍ട്ട്ണറും മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും പാര്‍ട്ട്ണര്‍മാരുമായ കമ്പനികളാണിത്. ലാലു റെയില്‍വേ മന്ത്രിയായിരിക്കെ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്റെ രണ്ട് ഹോട്ടലുകളുടെ നടത്തിപ്പ് ഒരു കമ്പനിക്ക് കൈമാറിയതിന് പ്രത്യുപകാരമായി ലഭിച്ചതാണ് പട്‌നയിലെ ഭൂമി എന്നാണ് കേസ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി.
Next Story

RELATED STORIES

Share it