Flash News

ലഹരി കൂണുകള്‍ സഞ്ചാരികളിലേക്കെത്തിക്കാന്‍ മാഫിയാ സംഘങ്ങള്‍

ലഹരി കൂണുകള്‍ സഞ്ചാരികളിലേക്കെത്തിക്കാന്‍ മാഫിയാ സംഘങ്ങള്‍
X


ഷാനവാസ് കാരിമറ്റം
അടിമാലി: ലഹരിയില്‍ പുതുവഴി തേടുന്ന യുവതലമുറയെ വലയിലാക്കാന്‍ മാജിക് കൂണും. മൂന്നാറിനു സമീപം മാട്ടുപ്പെട്ടി, കുണ്ടള മേഖലകളില്‍ തണുപ്പുള്ള കാലാവസ്ഥയില്‍ വളരുന്ന കൂണാണ് ലഹരി വസ്തുവായി ഉപയോഗിക്കുന്നത്. പച്ചയ്ക്കും ഉണക്കിയും ഉപയോഗിക്കുന്ന കൂണില്‍ അടങ്ങിയ സിലോസിബിന്‍ എന്ന രാസവസ്തുവാണ് ഉപയോഗിക്കുന്നവര്‍ക്കു ലഹരി പകരുന്നത്. സിലോസിബിന്‍ ലഹരിനിരോധന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കൂണ്‍ എന്‍ഡിപിഎസ് പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ കൈയോടെ പിടിച്ചാലും പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ എക്‌സൈസ് വകുപ്പിനു സാധിക്കുന്നില്ലായെന്ന് വകുപ്പിലെ ജീവനക്കാര്‍ തന്നെ പറയുന്നു. രാസ പരിശോധന നടത്തി ഇതിലടങ്ങിയ രാസവസ്തു പരിശോധിച്ചു മാത്രമേ കേസെടുക്കാനാവൂ. നിലവില്‍ രാസപരിശോധന നടത്താനുള്ള സംവിധാനവും കേരളത്തിലില്ല. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മൂന്നാറിലേക്കു വിനോദയാത്രയ്ക്കു എന്ന വ്യാജേന പോകുന്ന സംഘങ്ങളാണു കൂണ്‍ ലഹരി നാട്ടില്‍ എത്തിക്കുന്നത്. മൂന്നാറില്‍ എത്തി ലോഡ്ജുകളില്‍ മുറിയെടുക്കുന്നവരെ ഇടനിലക്കാര്‍വഴിയാണ് കൂണ്‍ ലഹരി വില്‍പന നടത്തുന്ന സംഘങ്ങള്‍ സമീപിക്കുന്നത്.  ഒരു ഡസന്‍ കൂണിന് 750 മുതല്‍ 1200 രൂപ വരേയാണ് വില.തനില്‍ മുക്കിയാണ് ഈ കൂണുകള്‍ കഴിക്കുക.കൂടാതെ മുട്ട ഓംലെറ്റിനൊപ്പം മിക്‌സ് ചെയ്തും ഇവ ഉപയോഗിക്കുന്നുണ്ട്.ആറു കൂണുകള്‍ കഴിക്കുമ്പോഴേക്കും ലഹരിക്കു അടിപ്പെടുമെന്നാണു എക്‌സൈസ് അധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ കഴിക്കുന്ന ലഹരി ഏതാണ്ട് ഒരാഴ്ചവരെ നിലനില്‍ക്കും. തണുപ്പില്‍ മാത്രമാണ് ഇതിന്റെ ലഹരി അനുഭവിക്കാനാവുക. അതിനാല്‍ ശീതീകരിച്ച മുറിയിലാണ് ഇതിന്റെ ഉപയോഗം. മറിഞ്ഞു വീണുകിടക്കുന്ന മരത്തിന്റെ അടിയിലാണ് ഇത്തരം കൂണുകള്‍ പ്രധാനമായും വളരുന്നത്. കുതിര, കാട്ടുപോത്ത്, എന്നിവയുടെ ചാണകത്തില്‍ ഇവ മുളപ്പിച്ചെടുക്കുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ മാജിക് കൂണിനു മറ്റു ലഹരിവസ്തുക്കളേക്കാള്‍ മാരക ശേഷിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിനു ഗുരുതര പ്രഹരമേല്‍പ്പിക്കുന്നതിനാല്‍ ഇതു ഉപയോഗിക്കുന്നവര്‍ക്കു ഓര്‍മശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു മാനസികനില തകരുന്നു. ഇതു ആത്മഹത്യയിലേക്കും അക്രമ സ്വഭാവങ്ങളിലേക്കും നയിക്കുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it