Alappuzha local

ലഹരിക്കായി മരുന്നുകളുടെ ഉപയോഗം: മെഡിക്കല്‍ സ്റ്റോറുകളില്‍ എക്‌സൈസ് പരിശോധന

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്  ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ്, ആലപ്പുഴ ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടറുടെ കര്യാലയം എന്നിവയുടെ നേതൃത്വത്തില്‍ നഗരത്തിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തി.   മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും വ്യാജ മരുന്ന് കുറിപ്പടികള്‍ ഉപയോഗിച്ച്  മാരകരോഗങ്ങള്‍ക്കുള്ള ഗുളികകളും,  ചുമയ്ക്കുള്ള മരുന്നുകളും ലഹരിയ്ക്കായി കുട്ടികളും യുവാക്കളും വാങ്ങുന്നതായും ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള സ്റ്റേഷനറി കടകളിലൂടെ  ലഹരി കലര്‍ന്ന മിഠായികളും  വില്‍ക്കുന്നു എന്ന രക്ഷിതാക്കളുടെയും അധ്യാപകരുടേയും പരാതിയെ  തുടര്‍ന്നാണ് പരിശോധന നടത്തിയത്.  പ്രത്യേക പട്ടികയില്‍ പെടുത്തിയിരിക്കുന്ന  മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വില്‍ക്കുമ്പോള്‍  ആയതിന്റെ സ്റ്റോക്ക് പ്രത്യേക രജിസ്റ്ററില്‍  രേഖപ്പെടുത്തി സൂക്ഷിക്കണം എന്നും വാങ്ങുവാനായി വരുന്നവര്‍ ഹാജരാക്കുന്ന കുറിപ്പടികള്‍ പരിശോധിച്ച്  വില്‍ക്കുന്ന മരുന്നുകള്‍ കുറിപ്പടികളില്‍ രേഖപ്പെടുത്തി ആയതിന്റെ പകര്‍പ്പുകള്‍ വാങ്ങി മെഡിക്കല്‍ സ്‌റ്റോറുകളില്‍ സൂക്ഷിക്കണം എന്നുമാണ് ചട്ടം.   കൈകാര്യം ചെയ്യുന്നതിലെ സൗകര്യവും,  ഉപയോഗിച്ചാല്‍ പിടിക്കപ്പെടുവാനുള്ള സാധ്യതകുറവുമാണ്  ഇത്തരം മാരകമായ ഈ മയക്കുമരുന്നുകളിലേ്ക്ക് യുവാക്കളെയും കുട്ടികളേയും ആകര്‍ഷിക്കുന്നത്.  സ്വന്തമായി ഡോക്ടറുടെ കുറിപ്പടിയുണ്ടാക്കി ലഹരി  ഗുളികകള്‍ വാങ്ങി വില്‍ക്കുന്ന രണ്ടുപേരെ കഴിഞ്ഞ ദിവസം ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയിരുന്നു.   വരും ദിവസങ്ങളില്‍ കൂടുതല്‍ മെഡിക്കല്‍ സ്റ്റോറുകളിലും വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള കടകളിലും, ഡ്രഗ് ഇന്‍സ്‌പെക്ടറുമാരും,  ഫുഡ് ആന്റ് സേഫ്ടി അധികൃതരുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുന്നതാണെന്നും ആലപ്പുഴ ഡെപ്യൂട്ടി എക്‌സൈസ്  കമ്മീഷണര്‍ എന്‍എസ് സലിംകുമാര്‍ അറിയിച്ചു.  എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെആര്‍ ബാബുവിന്റെ നേതൃത്വത്തില്‍  ആലപ്പുഴ ജില്ലാ  ഡ്രഗ് ഇന്‍സ്‌പെക്ടര്‍ എലിസബത്ത് മെല്‍വിന്‍,  എറണാകുളം ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ (ആയുര്‍ വേദം)   ഡോ. ജയ. വി ദേവ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പിഎം സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it