Flash News

ലണ്ടനില്‍ വീണ്ടും ആക്രമണം ;ഏഴുപേര്‍ കൊല്ലപ്പെട്ടു



ലണ്ടന്‍: ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനില്‍ രണ്ടിടങ്ങളിലായുണ്ടായ ആക്രമണങ്ങളില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് വാന്‍ ഓടിച്ചുകയറ്റിയും ബറോ മാര്‍ക്കറ്റില്‍ ആളുകളെ കുത്തിപ്പരിക്കേല്‍പ്പിച്ചുമായിരുന്നു ആക്രമണങ്ങള്‍. രണ്ട് ആക്രമണങ്ങളിലുമായി 48 പേര്‍ക്കു പരിക്കേറ്റു. ആക്രമണം നടത്തിയവരില്‍ മൂന്നുപേര്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തതായി ബ്രിട്ടിഷ് പോലിസ് അറിയിച്ചു. നഗരത്തിന്റെ കിഴക്കന്‍ പ്രദേശമായ ബാര്‍കിങില്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലിസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണമുണ്ടായത്.  11.15നാണ് ബറോ മാര്‍ക്കറ്റ് ആക്രമണം. രണ്ടിടങ്ങളിലും നടന്നത് തീവ്രവാദി ആക്രമണമാണെന്നു പ്രധാനമന്ത്രി തെരേസാ മെയ് പറഞ്ഞു. നീളമുള്ള കത്തികളുമായെത്തിയ മൂന്നുപേരാണ് ബറോ മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്നു സര്‍ക്കാര്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. നഗരത്തില്‍ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ഐസിസി ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ക്കായി ലണ്ടനിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ താമസിക്കുന്ന ബെര്‍മിങ് ഹാമിലെ ഹോട്ടലിനു സമീപവും ആക്രമണത്തെ തുടര്‍ന്നുള്ള ജാഗ്രതാ നടപടികള്‍ പ്രാബല്യത്തിലുണ്ട്. ഈ മാസം എട്ടിന് ബ്രിട്ടനില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം. രണ്ടാഴ്ച മുമ്പ് ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ സംഗീതപരിപാടിക്കിടെയുണ്ടായ ബോംബ് ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലണ്ടന്‍ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.
Next Story

RELATED STORIES

Share it