thrissur local

ലക്ഷങ്ങള്‍ ചെലവിട്ട് പുനര്‍നിര്‍മിച്ച ചേറ്റുവ പാലത്തിലെ ടാറിങ് തകര്‍ന്നു

ചാവക്കാട്: ലക്ഷങ്ങള്‍ ചെലവിട്ട് ഒരുമാസം മുമ്പ് പുനര്‍ നിര്‍മാണം നടത്തിയ ചേറ്റുവ പാലത്തിലെ ടാറിങ് തകര്‍ന്നു. ടാറിങ് അടര്‍ന്ന് കുഴി രൂപപ്പെട്ടതോടെ ഇതിലൂടെയുള്ള ഗതാഗതം ദുരിതത്തിലായി. നിലവിലെ കോണ്‍ക്രീറ്റ് പൊളിച്ചുമാറ്റിയ ശേഷമായിരുന്നു ആധുനിക രീതിയിലുള്ള ടാറിങ് നടത്തിയത്. ടാര്‍ ഒഴിച്ച ശേഷം അതിനു മുകളില്‍ ചെറിയ കരിങ്കല്‍ കഷണങ്ങള്‍ പാകുകയും ചെയ്തിരുന്നു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ കടന്നു പോവുന്നത്. വാഹനങ്ങളുടെ സഞ്ചാരം മൂലം ആഴ്ചകള്‍ക്കകം കരിങ്കല്‍ കഷണങ്ങള്‍ താഴ്ന്നു പോയി. മഴ പെയ്യുന്ന സമയങ്ങളില്‍ പാലത്തിനു മുകളില്‍ വച്ച് ബ്രേക്കിട്ടാല്‍ തെന്നിമാറുന്നത് മൂലം ഇവിടെ അപകടങ്ങളും പതിവായി. കഴിഞ്ഞയാഴ്ച പാലത്തിന് മുകളില്‍ വച്ച് ബ്രേക്കിട്ടതിനെ തുടര്‍ന്ന് തെന്നിമാറിയ ടാങ്കര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. അരമണിക്കൂറിന് ശേഷം പാലത്തില്‍ വച്ച് കെഎസ്ആര്‍ടിസി ബസ്സും അപകടത്തില്‍പ്പെട്ടു. പാലത്തിന് മുകളില്‍ വച്ച് ബ്രേക്കിട്ടതോടെ തെന്നിമാറി നിയന്ത്രണം വിട്ട ബസ് പാലത്തിലെ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി കൈവരികളില്‍ ഇടിച്ചു നില്‍ക്കുയായിരുന്നു. അപകടങ്ങള്‍ നിത്യസംഭവമായതോടെ അശാസ്ത്രീയമായ ടാറിങ് പൊളിച്ചുമാറ്റി പഴയ രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്നാവശ്യവും ശക്തമായിരിക്കേയാണ് ടാറിങ് പൊളിഞ്ഞത്.
Next Story

RELATED STORIES

Share it