World

റോഹിന്‍ഗ്യരുടെ മൃതദേഹങ്ങള്‍ ആസിഡ് ഒഴിച്ച് വികൃതമാക്കി

നേപിഡോ: റഖൈനില്‍ മ്യാന്‍മര്‍ സൈന്യം കൂട്ടക്കൊല ചെയ്ത റോഹിന്‍ഗ്യരെ കുഴിമാടങ്ങളില്‍ അടക്കുന്നതിനു മുമ്പ് മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയതായി റിപോര്‍ട്ട്്്.  അസോസിയേറ്റഡ് പ്രസ് (എപി)ആണ്  റിപോര്‍ട്ട് പുറത്തു വിട്ടത്. റോഹിന്‍ഗ്യന്‍ ഗ്രാമമായ ഗുദാര്‍യിനില്‍ മ്യാന്‍മര്‍ സൈന്യം കൂട്ടക്കൊല നടത്തുകയും അഞ്ചു കൂട്ടക്കുഴിമാടങ്ങളിലായി സംസ്‌കരിക്കുകയും ചെയ്തതിന്റെ തെളിവുകള്‍ ലഭിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. സൈന്യത്തില്‍ നിന്നു രക്ഷപ്പെട്ട 20ലധികം ദൃക്‌സാക്ഷികളില്‍ നിന്നുള്ള വിവരങ്ങളും ആക്രമണ സമയത്തു മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയ ദൃശ്യങ്ങളും അടിസ്ഥാനമാക്കിയാണു റിപോര്‍ട്ട് തയ്യാറാക്കിയത്. ഗുദാര്‍യിനില്‍ 400 റോഹിന്‍ഗ്യരെ സൈന്യം കൂട്ടക്കൊലയ്ക്ക് ഇരയാക്കിയിട്ടുണ്ടെന്നാണു  അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന ബന്ധുക്കളില്‍ നിന്നു ലഭിച്ച വിവരം.ഗുദാര്‍യിനില്‍ റോഹിന്‍ഗ്യരുടെ ഫുട്‌ബോള്‍ പോലുള്ള ചിന്‍ലോണ്‍ കളിസ്ഥലത്തായിരുന്നു കൂട്ടക്കൊലകളിലൊന്ന്. യുവാക്കള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അന്നു രക്ഷപ്പെട്ട നൂര്‍ഖാദിര്‍ അറിയിച്ചു. അന്നു കളിസ്ഥലത്തുണ്ടായിരുന്ന 14 പേരില്‍ രണ്ടു പേര്‍ മാത്രമാണു ജീവിച്ചിരിപ്പുള്ളത്. ആറു പേരുടെ മൃതദേഹങ്ങള്‍ ദിവസങ്ങള്‍ക്കു ശേഷം രണ്ടു കുഴിമാടങ്ങളിലായി കണ്ടെത്തി. ധരിച്ച വസ്ത്രത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് ആളുകളെ തിരിച്ചറിയാനായതെന്നും ഖാദിര്‍ കൂട്ടിച്ചേര്‍ത്തു. ആഗസ്ത് 27നായിരുന്നു  സൈന്യം ഗ്രാമം  വളഞ്ഞത്. ആസൂത്രിതമായ നീക്കമായിരുന്നു അത്. തോക്കുകള്‍ക്കും ഗ്രനേഡുകള്‍ക്കും പുറമെ കുഴിയെടുക്കുന്നതിനുള്ള യന്ത്രങ്ങളും മൃതദേഹങ്ങളുടെ മുഖം വികൃതമാക്കാന്‍ ആസിഡുകളുമായിട്ടായിരുന്നു സൈന്യം എത്തിയതെന്നു മുഹമ്മദ് ഷാ അറിയിച്ചു. താനും ഏതാനും പേരും അന്നു നദിക്കരയിലെ തെങ്ങിന്‍തോപ്പില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം മുസ്‌ലിം വീടുകളില്‍ റെയ്ഡ് നടത്തുകയും ആളുകളെ വെടിവച്ചു കൊല്ലുകയും ചെയ്തു. ഒരാളെ പോലും രക്ഷപ്പെടാന്‍ അനുവദിക്കാതെ സൈന്യം വീടുകള്‍ ചുട്ടരിക്കുകയായിരുന്നുവെന്നും ഷാ പറഞ്ഞു. മൂന്നു ട്രക്കുകളിലായാണു സൈന്യം മൃതദേഹങ്ങള്‍ കയറ്റിക്കൊണ്ടു പോയതെന്നും ദൃക്‌സാക്ഷികള്‍ അറിയിച്ചു. മൃതദേഹങ്ങള്‍ നശിപ്പിക്കാന്‍ ആസിഡ് പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും എഎഫ്പി പുറത്തുവിട്ടിട്ടുണ്ട്. ഗുദാര്‍യിന്‍ ഗ്രാമത്തിനു മേല്‍ മ്യാന്‍മര്‍ നേരത്തെ തന്നെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഗ്രാമത്തിന്റെ വടക്കന്‍ കവാടത്തിനടുത്തു മൂന്നു വലിയ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി തങ്ങള്‍ ബന്ധപ്പെട്ട ഗ്രാമവാസികള്‍ അറിയിച്ചതായി എപി റിപോര്‍ട്ട് ചെയ്തു. ഗ്രാമത്തിന്റെ മലയടിവാരത്തില്‍ മറ്റ് രണ്ടു കൂട്ടക്കുഴിമാടങ്ങളും കണ്ടെത്തിയതായ് എപി സ്ഥിരീകരിച്ചു. അതേസമയം റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ വംശഹത്യയുടെ ഉത്തമ ഉദാഹരണമാണെന്നു യുഎന്‍ മനുഷ്യാവകാശ വിഭാഗം പ്രതിനിധി യാങ്ഹീലീ അഭിപ്രായപ്പെട്ടു. സൈന്യത്തിന്‍െ അതിക്രമങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശിലേക്കു പലായനം ചെയ്ത റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം  വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അവര്‍.
Next Story

RELATED STORIES

Share it