World

റോഹിന്‍ഗ്യന്‍ ക്യാംപില്‍ ബലാല്‍സംഗ ഇരകളെ തേടി സന്നദ്ധ പ്രവര്‍ത്തകര്‍

കോക്‌സ് ബസാര്‍: ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപില്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ ബലാല്‍സംഗ ഇരകളായി ഗര്‍ഭിണികളാക്കപ്പെട്ട സ്ത്രീകളെയും കുഞ്ഞുങ്ങളെയും തേടി സന്നദ്ധ പ്രവര്‍ത്തകര്‍. മ്യാന്‍മറിലെ റഖൈനില്‍ സൈന്യം റോഹിന്‍ഗ്യന്‍ സ്ത്രീകളെ വ്യാപകമായി കൂട്ടമാനഭംഗത്തിനിരയാക്കി ഒമ്പതു മാസം പൂര്‍ത്തിയായിരിക്കേയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഗര്‍ഭിണികളെയും കുഞ്ഞുങ്ങളെയും കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്.
അപമാനം ഭയന്ന് പല സ്ത്രീകളും ഗര്‍ഭധാരണം മറച്ചുവച്ചിരിക്കുകയാണെന്നാണ് സന്നദ്ധ പ്രവര്‍ത്തകരുടെ നിഗമനം. ജനിക്കുന്ന കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടാനും അമ്മമാര്‍ക്ക് മതിയായ ചികില്‍സ ലഭിക്കാതെ ജീവഹാനി സംഭവിക്കാനും സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് സന്നദ്ധ സംഘടനകളുടെ ഇടപെടല്‍. സൈന്യത്തിന്റെ കൂട്ടമാനഭംഗത്തിനിരയായ ഗര്‍ഭിണികളാക്കപ്പെട്ട സ്ത്രീകളെ കണ്ടെത്തി അവര്‍ക്ക് ധൈര്യം പകരാനും ചികില്‍സ ലഭ്യമാക്കാനും സന്നദ്ധ സംഘത്തിനൊപ്പം കോക്‌സ് ബസാറിലെ ക്യാംപില്‍ പ്രവര്‍ത്തിക്കുന്നവരിലൊരാളാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥിയായ തുസ്മിനാറ. അപമാനവും ഭയവും കാരണമാണ് സ്ത്രീകള്‍ ഗര്‍ഭധാരണം മറച്ചുവയ്ക്കുന്നതെന്ന് തുസ്മിനാറ പറയുന്നു. റഖൈനില്‍ കഴിഞ്ഞ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ നടന്ന കൂട്ട ബലാല്‍സംഗം കാരണം അഭയാര്‍ഥി ക്യാംപില്‍ ജനനനിരക്ക് ഉയരുമെന്നു യുഎന്‍ മനുഷ്യാവകാശ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ആന്‍ഡ്ര്യൂ ദില്‍മൊര്‍ അഭിപ്രായപ്പെട്ടു.
അഭയാര്‍ഥി ക്യാംപിലെ 48,000 സ്ത്രീകള്‍ ഈ വര്‍ഷം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായാണ് പ്രതീക്ഷിക്കുന്നതെന്നു ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ പ്രതിനിധി മഴ്‌സില്ല ക്രായ് അറിയിച്ചു.
സൈനികര്‍ ബലാല്‍സംഗത്തിനിരയാക്കി ഗര്‍ഭിണികളായ സ്ത്രീകളെ തനിക്ക് അറിയാമെന്നും ഇത്തരത്തില്‍ നിരവധി സ്ത്രീകളുള്ളതായാണ് വിവരമെന്നും റോഹിന്‍ഗ്യന്‍ കമ്മ്യൂണിറ്റി നേതാവ് അബ്ദുര്‍റഹീം പറഞ്ഞു. ക്യാംപിലെ ധാരാളം സ്ത്രീകളും നേരത്തേ ഗര്‍ഭഛിദ്രത്തിന് ആരോഗ്യ ക്ലിനിക്കുകളിലെത്തിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വരെ ഇത്തരത്തില്‍ ക്ലിനിക്കുകളില്‍ എത്തിയിരുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതല്‍ ബംഗ്ലാദേശിലെത്തിയ അഭയാര്‍ഥികളില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
Next Story

RELATED STORIES

Share it