Flash News

റോഡുകളുടെ അറ്റകുറ്റപ്പണി : എംഎല്‍എമാര്‍ ജാഗ്രത കാണിക്കണം - മന്ത്രി



തിരുവനന്തപുരം: പൊതുമരാമത്ത് റോഡുകള്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അനുവദിച്ച തുക കാര്യക്ഷമമായി വിനിയോഗിക്കാന്‍ എംഎല്‍എമാര്‍ ജാഗ്രത കാണിക്കണമെന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് 2017-18 സാമ്പത്തിക വര്‍ഷം 310 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം- 24.2, കൊല്ലം- 20.97, പത്തനംതിട്ട- 18.75, ആലപ്പുഴ- 15.6, കോട്ടയം- 33.12, ഇടുക്കി- 21.77, എറണാകുളം- 30.9, തൃശൂര്‍- 24.55, പാലക്കാട്- 24.65, മലപ്പുറം- 26.55, കോഴിക്കോട്- 22.35, വയനാട്- 8.25, കണ്ണൂര്‍- 24.5, കാസര്‍കോട്- 15.35 കോടി രൂപ എന്നിങ്ങനെയാണ് ഓരോ ജില്ലയ്ക്കും പണം അനുവദിച്ചത്. ഓരോ മണ്ഡലങ്ങളിലും നടത്തേണ്ട പ്രവൃത്തികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അതത് എന്‍ജിനീയര്‍മാരുമായി ബന്ധപ്പെട്ടു തീരുമാനിച്ച് അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും എല്ലാ എംഎല്‍എമാരെയും കത്തു മുഖേന അറിയിച്ചിരുന്നു. എന്നാല്‍, പല മണ്ഡലങ്ങളിലും ഇതുവരെ പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. ചീഫ് എന്‍ജിനീയര്‍, സൂപ്രണ്ടിങ് എന്‍ജിനീയമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കണം. കൂടാതെ എംഎല്‍എമാര്‍ ഈ പ്രവൃത്തികള്‍ നിരീക്ഷിക്കണമെന്നും കുറ്റമറ്റ രീതിയില്‍ പ്രവൃത്തി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി  പറഞ്ഞു.  ഓരോ നിയമസഭാ മണ്ഡലത്തിലും അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ചു മണ്ഡലത്തിലെ എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കണമെന്നും ജി സുധാകരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it