malappuram local

റോഡരികിലെ കടകളില്‍നിന്ന് അച്ചാര്‍ കഴിച്ച 47 പേര്‍ക്ക് മഞ്ഞപ്പിത്തം

മലപ്പുറം:   റമദാനോടനുബന്ധിച്ച് മക്കരപ്പറമ്പ് കാച്ചിനിക്കാട് പ്രവര്‍ത്തിച്ചിരുന്ന താല്‍ക്കാലിക ഷെഡ്ഡുകളില്‍നിന്നു പ്രത്യേക അച്ചാറുകള്‍ കഴിച്ച 47 പേര്‍ക്ക് മഞ്ഞപ്പിത്തം റിപോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിപാ വൈറസ് നിയന്ത്രണ വിധേയമാക്കാനായെങ്കിലും പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച് ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ തിളപ്പിച്ചാറിയ വെള്ളം സ്റ്റീല്‍ ബോട്ടിലുകളിലാക്കി കൊണ്ടുപോവേണ്ടതും പുറത്തുനിന്നു വെള്ളം എടുക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതുമാണ്.
ഹോട്ടലുകളിലും വീടുകളിലും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുന്നതോടൊപ്പം കിണറുകള്‍ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും വേണം.  തണുത്തതും പഴകിയതുമായ ആഹാര സാധനങ്ങള്‍ കഴിവതും ഒഴിവാക്കുക. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവര്‍ അടുത്ത ആശുപത്രികളില്‍ ചികില്‍സ തേടുകയും പൂര്‍ണമായും ഭേദമാവുന്നത് വരെ വിശ്രമിക്കുകയും ചെയ്യണം.
ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായ് ടവ്വല്‍ ഉപയോഗിച്ച് പൊത്തിപ്പിടിക്കുക. ഭക്ഷണത്തിന് മുമ്പെന്നപോലെ ശൗചാലയത്തില്‍ പോയ ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുന്നത് ശീലമാക്കണം. ചടങ്ങുകളിലും പരിപാടികളിലും പ്ലാസ്റ്റിക് ഒഴിവാക്കി പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി തുണി സഞ്ചികള്‍ ശീലമാക്കുക.
കൊതുകു നിവാരണത്തിനായി വീടിന് ചുറ്റുമുള്ള കാടുമൂടിയ ഭാഗങ്ങള്‍ വെട്ടി നശിപ്പിക്കുകയും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, ആരോഗ്യ സേനാംഗങ്ങള്‍ എന്നിവരുടെ കൂട്ടായ ശ്രമങ്ങളിലൂടെ രോഗപ്രതിരോധം ഉറപ്പുവരുത്താന്‍ ശ്രമിക്കണമെന്നും ഡിഎംഒ അഭ്യര്‍ത്ഥിച്ചു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ നിര്‍മലാ കുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന, ഡെപ്യൂട്ടി ഡിഎംഒ ഡോ. മുഹമ്മദ് ഇസ്മാഈല്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it