kasaragod local

റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പ്രളയം; വീട്ടമ്മയ്ക്ക് സര്‍ക്കാര്‍ ജോലി



മൊഗ്രാല്‍: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകളും മാറിമായങ്ങളും കണ്ട് ഞെട്ടുകയാണ് കാര്‍ഡുടമകള്‍. മൊഗ്രാലിലെ 45-ാം നമ്പര്‍ റേഷന്‍ കടയിലെ കാര്‍ഡുടമയായ വീട്ടമ്മയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാക്കിയിരിക്കുകയാണ് പുതിയ റേഷന്‍ കാര്‍ഡില്‍. മൊഗ്രാല്‍ കൊപ്പളം ഹൗസിലെ മല്‍സ്യത്തൊഴിലാളിയും നേരത്തെ ബിപിഎല്‍ കാര്‍ഡുടമയുമായ അബ്ദുര്‍ റഹ്മാന്റെ ഭാര്യ ഖദീജ(53)യ്ക്കാണ് പുതിയ റേഷന്‍ കാര്‍ഡില്‍ (2481018798) സര്‍ക്കാര്‍ ജോലി ലഭിച്ചിരിക്കുന്നത്. വീട്ടമ്മ എന്ന് രേഖപ്പെടുത്തേണ്ടിടത്താണ് സംസ്ഥാന സര്‍ക്കാര്‍ ജീവനം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ പലര്‍ക്കും ലഭിച്ചു തുടങ്ങിയത്. ലഭ്യമായ റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ പെരുമഴയാണെന്ന് പൊതുവെ പരാതി ഉയര്‍ന്നു കഴിഞ്ഞു. പേര് മാറിയും അക്ഷരത്തെറ്റും വ്യാപകമെന്നാണ് ആക്ഷേപം. നവംബര്‍ മാസാവസാനത്തോടെ മാത്രമേ മുഴുവന്‍ റേഷന്‍ കാര്‍ഡുകളുടെയും വിതരണം പൂര്‍ത്തിയാവുകയുള്ളൂവെന്നും പറയപ്പെടുന്നുണ്ട്. കൃത്യമായി വിവരങ്ങള്‍ എഴുതി നല്‍കിയിട്ടും അശ്രദ്ധയോടെ കാര്‍ഡുകള്‍ കൈകാര്യം ചെയ്തതാണ് ഇത്തരത്തില്‍ തെറ്റുകള്‍ കടന്നുകൂടാന്‍ ഇടയായത്. ഇനി തെറ്റുകള്‍ തിരുത്താനുള്ള നെട്ടോട്ടത്തിലായിരിക്കും ഉപഭോക്താക്കള്‍. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത് കാര്‍ഡുടമകള്‍ക്കാണ്.സപ്ലൈ ഓഫിസുകളില്‍ ഓരോ കാര്‍ഡുടമകളും കയറിയിറങ്ങുന്നത് ഒഴിവാക്കി തെറ്റുകള്‍ തിരുത്താന്‍ അദാലത്ത് പോലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
Next Story

RELATED STORIES

Share it