Kottayam Local

റെയില്‍വേ വികസനം; പുരോഗതി നേരിട്ട് വിലയിരുത്തി ജനറല്‍ മാനേജര്‍

കോട്ടയം: റെയില്‍വേയുടെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി നേരിട്ടു വിലയിരുത്താനായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ കോട്ടയത്തെത്തി. റെയില്‍വേ പാതയിരട്ടിപ്പിക്കലിന്റെ പുരോഗതിയും സ്റ്റേഷന്‍ നവീകരണ സാധ്യതകളും പരിശോധിക്കുകയെന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ കെ കുല്‍ശ്രേഷ്ഠയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വാര്‍ഷിക പരിശോധനയുടെ ഭാഗമായി പ്രത്യേക ട്രെയിനിലാണു കോട്ടയത്തെത്തിയത്. ചെന്നൈയില്‍ നിന്നുള്ള റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. ശബരിമല തീര്‍ത്ഥാടകരുടെ വിശ്രമകേന്ദ്രം, പ്രവേശനകവാടം, ടിക്കറ്റ് കൗണ്ടര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ചങ്ങനാശ്ശേരി-കുറുപ്പുന്തറ പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വികസന പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപോര്‍ട്ടും അദ്ദേഹം പരിശോധിച്ചു.
സ്റ്റേഷന്‍ഷനില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള വിശ്രമകേന്ദ്രവും ടോയ്‌ലെറ്റുകളും സന്ദര്‍ശിച്ചു. കൂടാതെ പ്ലാറ്റ്‌ഫോമുകളുടെയും ടിക്കറ്റ് കൗണ്ടറിന്റെയും പ്രവര്‍ത്തനങ്ങളും നിരീക്ഷണവിധേയമാക്കി. പരിശോധനയ്ക്കു ശേഷം വൈകീട്ട് 6.20നാണ് കോട്ടയത്തു നിന്ന് അദ്ദേഹം മടങ്ങിയത്.
വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചിങ്ങവനം സ്റ്റേഷനിലും അദ്ദേഹം സന്ദര്‍ശനം നടത്തി. തുടര്‍ന്ന് പരിശോധനകള്‍ക്കു ശേഷം തിരുവനന്തപുരംവഴി മധുരയ്ക്കു മടങ്ങി.
ചങ്ങനാശ്ശേരി-കുറുപ്പന്തറ പാത ഇരട്ടിപ്പിക്കല്‍ ജോലി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരളാ റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ജെ പോള്‍ മാന്‍വെട്ടത്തിന്റെ നേതൃത്വത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നിവേദനം നല്‍കി.
റെയില്‍വേയില്‍ വികസന പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പടെയുള്ളവ മുടങ്ങിക്കിടക്കുകയാണ്. പാതയിരട്ടിപ്പിക്കലിനായുള്ള സ്ഥലമെടുപ്പ് ഒച്ചുപോലെ ഇഴയുകയാണ്. റെയില്‍വേ സ്റ്റേഷനിലെ ഗുഡ്‌സ് ഷെഡ് മാറ്റുന്നതു സംബന്ധിച്ചും തീരുമാനമായിട്ടില്ല. കോട്ടയത്തു രണ്ടു പുതിയ പ്ലാറ്റ് ഫോമുകള്‍കൂടി നിര്‍മിക്കുമെന്ന പ്രഖ്യാപനവും കടലാസിലാണ്. എംസി റോഡില്‍ നാഗമ്പടം മേല്‍പ്പാലത്തിന്റെ ഭാഗത്തുനിന്നുവരുന്ന യാത്രക്കാര്‍ക്കായി രണ്ടാമത്തെ കവാടം പണിയുന്നതും എങ്ങുമെത്തിയില്ല.
നാഗമ്പടം റെയില്‍വേ മേല്‍പ്പാലം തുറക്കുന്ന തിയ്യതിയും പലതവണയായി നീട്ടിവച്ചുകൊണ്ടിരിക്കുകയാണ്. കുറുപ്പന്തറയില്‍ അനുവദിച്ച റെയില്‍വേ മേല്‍പ്പാലം പണി തുടങ്ങാത്തതിനെതിരേയും പ്രതിഷേധം ശക്തമാണ്. റെയില്‍വേ ജനറല്‍ മാനേജറുടെ സന്ദര്‍ശനത്തിനുശേഷമെങ്കിലും ഇതിനൊക്കെ മാറ്റംവരുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
Next Story

RELATED STORIES

Share it