റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കാന്‍ നീക്കം

വാഷിങ്ടണ്‍: യുഎസ് വിദേശകാര്യ സെക്രട്ടറിസ്ഥാനത്തു നിന്നു റെക്‌സ് ടില്ലേഴ്‌സനെ മാറ്റാന്‍ നീക്കം. രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ തലവനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ മൈക്ക് പോംപിയെയാവും ടില്ലേഴ്‌സനു പകരം പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ ടില്ലേഴ്‌സന്റെ പുറത്തുപോക്കുണ്ടാവുമെന്നാണ് സൂചന. അഭിപ്രായഭിന്നതകളുടെ പേരിലാണ് ടില്ലേഴ്‌സനെ പുറത്താക്കാനുള്ള ട്രംപിന്റെ നീക്കം. കഴിഞ്ഞ വര്‍ഷമാണ് ടില്ലേഴ്‌സണ്‍ യുഎസ് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. ഉത്തര കൊറിയ വിഷയത്തില്‍ ട്രംപിന്റെ നിലപാടുകളെ ടില്ലേഴ്‌സണ്‍ എതിര്‍ത്തിരുന്നു. ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ക്കുള്ള സാധ്യത യുഎസ് ഇല്ലാതാക്കുന്നതായി ടില്ലേഴ്‌സണ്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഒക്ടോബറില്‍ ട്രംപിനെ ടില്ലേഴ്‌സണ്‍ മന്ദബുദ്ധിയെന്നു വിളിച്ചതും വിവാദമായിരുന്നു. വിദേശനയത്തില്‍ ട്രംപിനെ അനുകൂലിക്കുന്ന നിലപാടാണ് മൈക്ക് പോംപിയുടേത്. റിപബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടണെയാവും പോംപിയുടെ ഒഴിവില്‍ സിഐഎ തലപ്പത്ത് നിയമിക്കുകയെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസത്തിനു ട്രംപ് അന്തിമ അനുമതി നല്‍കിയോ എന്ന കാര്യം വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it