റിയാസ് മൗലവി വധം: ജാമ്യാപേക്ഷ തള്ളി

കാസര്‍കോട്: പഴയചൂരി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദിനും മദ്‌റസാ അധ്യാപകനുമായിരുന്ന കൊടക് സ്വദേശി റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്തു കയറി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രതികളായ കൂഡ്‌ലു കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിഥിന്‍, അഖിലേഷ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണു കോടതി തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സംഘര്‍ഷത്തിനു കാരണമാവുമെന്നും ചൂരിയിലും പരിസരങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. അശോകന്‍ കോടതിയില്‍ വാദിച്ചു. നേരത്തെ ജില്ലാ കോടതിയിലും തുടര്‍ന്ന് ഹൈക്കോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇതു തള്ളിയിരുന്നു. വീണ്ടും ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. റിയാസ് മൗലവി കൊല്ലപ്പെട്ട ശേഷം കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്നും വര്‍ഗീയ സംഘര്‍ഷത്തിനു കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു.
കേസില്‍ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ സൈദ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ രണ്ട് മാസത്തേക്ക് വിചാരണ സ്റ്റേ ചെയ്തിരുന്നു. ഇത് അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ജാമ്യം നല്‍കുന്നതു കേസിനെ ബാധിക്കും. പ്രതികള്‍ നിരപരാധികളോ, കുറ്റക്കാരോ എന്ന് തെളിയിക്കേണ്ടതു വിചാരണ പൂര്‍ത്തിയായ ശേഷമാണെന്നും കോടതി വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it