Flash News

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറുടെ കൊല : മുഖ്യപ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍



ചാലക്കുടി: റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാരന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെയും സഹായിയെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അങ്കമാലി ചെറുമഠത്തില്‍ ചക്കര ജോണിയെന്ന ജോണി (53), അത്താണി വാപാലിശേരി സ്വദേശി പൈനാത്ത് രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പാലക്കാടിന് സമീപത്തെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ജോണിയെ പാലക്കാട്ടുള്ള റിസോര്‍ട്ടില്‍ എത്തിച്ച സഹായി ആലപ്പുഴ സ്വദേശി സുഗതനെ പോലിസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്നു പോലിസ് പറഞ്ഞു. കേസില്‍ മുരിങ്ങൂര്‍ സ്വദേശി രാജന്‍, ആറ്റപ്പാടം സ്വദേശി ഷൈജു, പരുമ്പി സ്വദേശി സത്യന്‍, ചാലക്കുടി സ്വദേശി സുനില്‍ എന്നിവരെ കഴിഞ്ഞദിവസം  അറസ്റ്റ് ചെയ്തിരുന്നു. ആരോപണവിധേയനായ എറണാകുളത്തെ ഒരു അഭിഭാഷകന്റെ പങ്കും പോലിസ് അന്വേഷിക്കുന്നുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. അങ്കമാലി നായത്തോട് സ്വദേശി വീരംപറമ്പില്‍ അപ്പുവിന്റെ മകന്‍ രാജീവ് (46) ആണ് കൊല്ലപ്പെട്ടത്. പരിയാരം തവളപ്പാറയില്‍ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി നടത്തുകയായിരുന്ന രാജീവിനെ  തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പണം കടം കൊടുത്തതിനുള്ള രേഖകള്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച രാജീവും ഒളിവില്‍ പോയ പ്രതി ചക്കര ജോണിയും വസ്തു ഇടപാടുകളില്‍ കൂട്ടുകച്ചവടക്കാരായിരുന്നു. പണമിടപാട് സംബന്ധിച്ച തര്‍ക്കത്തില്‍ ഇരുവരും പിരിഞ്ഞു. ജോണി രാജീവിനെതിരേ അങ്കമാലി പോലിസ് സ്റ്റേഷനില്‍ നിരവധി കള്ളക്കേസുകള്‍ നല്‍കിയതായും പറയുന്നു. കേസാവശ്യത്തിനായാണ് രാജീവ് എറണാകുളത്തെ പ്രമുഖനായ അഭിഭാഷകന്റെ അടുത്തെത്തുന്നത്. രാജീവ് അഭിഭാഷകനില്‍ നിന്ന് മൂന്നു കോടി രൂപയും ജോണിയില്‍ നിന്ന് രണ്ടര കോടി രൂപയും വസ്തു ഇടപാടിനായി കൈപ്പറ്റിയതായി പറയുന്നു. ഇതിന്റെ പണമോ പണം വാങ്ങിയതിനുള്ള രേഖകളോ നല്‍കാന്‍ രാജീവ് തയ്യാറായില്ല. ഇതുസംബന്ധിച്ച് നിരവധി തവണ തര്‍ക്കങ്ങളും വാക്കേറ്റങ്ങളും നടന്നതായി അറിയുന്നു. ഭീഷണിപ്പെടുത്തിയും അല്ലാതെയും രേഖകളില്‍ ഒപ്പിട്ടുനല്‍കാന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും രാജീവ് തയ്യാറായില്ല. തുടര്‍ന്ന് രേഖകള്‍ ശേഖരിക്കാനായി ജോണിയുടെ ബന്ധു ഷാജുവിന് ക്വട്ടേഷന്‍ നല്‍കിയെന്നാണ് വിവരം.
Next Story

RELATED STORIES

Share it