ernakulam local

റിബലുകളുടെ വിജയം: പാര്‍ട്ടി മാറിയപ്പോള്‍ താരങ്ങളായി; ഇവര്‍ ഇനി ജനപ്രതിനിധികള്‍

ആലുവ: തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ടവരില്‍ ചിലര്‍ മിന്നും താരങ്ങളായി. വാഴക്കുളം ബ്ലോക്ക് ഗാന്ധിനഗര്‍ ഡിവിഷനില്‍ വിജയിച്ച എം എ അബ്ദുള്‍ഖാദര്‍ എടത്തല പഞ്ചായത്തിലെ സിറ്റിങ് മെംബറായിരുന്നു. കോണ്‍ഗ്രസുകാരനായിട്ടും സീറ്റ് നിഷേധിച്ചപ്പോള്‍ കഴിഞ്ഞ പ്രാവശ്യം സ്വതന്ത്രനായിട്ടായിരുന്നു ഇയാളുടെ രംഗപ്രവേശനം. ഇത്തവണ എന്‍സിപിയിലേക്ക് ചേക്കേറിയാണ് മല്‍സര രംഗത്തെത്തിയത്. ലീഗിലെ പി കെ എ ജബ്ബാറിനെ പരാജയപ്പെടുത്തിയാണ് ഇദ്ദേഹം വിജയിച്ചത്.
ഐഎന്‍ടിയുസി നേതാവും, കര്‍ഷക കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായിരുന്ന മനോജ് പട്ടാട് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പുതിയ പാര്‍ട്ടിയിലെത്തി മലര്‍ത്തിയടിച്ചത്. തനിക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എന്‍സിപിയിലെത്തിയ ഇയാളെ എല്‍ഡിഎഫ് ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ നിന്നാണ് മല്‍സരിപ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് പട്ടാട് വിജയം നേടിയത്.
എന്‍സിപി മുന്‍ ആലുവ ബ്ലോക്ക് പ്രസിഡന്റും, സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അസീസ് എടയപ്പുറവും ഇത്തവണ പാര്‍ട്ടി മാറി ജനപ്രതിനിധിയായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ എരുമത്തല ഡിവിഷനില്‍ നിന്നാണ് ഇയാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇയാള്‍ എന്‍സിപിയില്‍ ചേര്‍ന്നത്.
പാര്‍ട്ടി മാറി എതിര്‍ചേരിയിലെത്തി സ്വപ്‌നം പൂവണിയാത്തവരാണ് കൂടുതല്‍പേരും. ആലുവ നഗരസഭയില്‍ സിറ്റിങ് കൗണ്‍സിലറായിരുന്ന കോണ്‍ഗ്രസിലെ ഉമ ലൈജിയാണ് ഇത്തവണ സീറ്റിനായി ബിജെപിയില്‍ ചേക്കേറിയത്. എന്നാല്‍ നഗരസഭ 2-ാം ഡിവിഷനില്‍ ഇവര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ആലുവ നഗരസഭയിലെ 25-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവായ ജയരാജ് കോണ്‍ഗ്രസ് റിബലായി വരികയും പാര്‍ട്ടി പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയേയും മലര്‍ത്തിയടിച്ചാണ് ഇയാള്‍ വാര്‍ഡില്‍ വിജയക്കൊടി നാട്ടിയത്.
കോണ്‍ഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറിയായിരുന്ന സെബി വി ബാസ്റ്റ്യനെയും, കോണ്‍ഗ്രസ് വിമതനായതിനാല്‍ പാര്‍ട്ടി പുറത്താക്കിയെങ്കിലും ഇവിടേയും പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് നഗരസഭ 10-ാം വാര്‍ഡില്‍ നിന്നും ഇയാള്‍ വിജയം നേടിയത്.
എടത്തല പഞ്ചായത്തിലെ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ ലീഗ് റിബല്‍ ആബിദ ഷെരീഫും താരമായി. ഇവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടി മാറി വിജയം നേടിയവര്‍ ചിലയിടങ്ങളില്‍ മിന്നും താരങ്ങളുമാണ്. ഇവരുടെ പിന്തുണയില്ലെങ്കില്‍ ഭരണകക്ഷിയാകുവാന്‍ സാധിക്കാതെ മുന്നണികള്‍ വെള്ളം കുടിക്കുന്ന പഞ്ചായത്തുകളും ഏറെയാണ്.
Next Story

RELATED STORIES

Share it