റിപോര്‍ട്ട് അംഗീകരിച്ചു; പുതുക്കിയ ശമ്പളം അടുത്ത മാസം മുതല്‍; കൈനിറയെ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപോര്‍ട്ട് ഭേദഗതികളോടെ മന്ത്രിസഭാ യോഗം അംഗീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ ശമ്പളം അടുത്ത മാസം മുതല്‍ ലഭ്യമാവും. പരിഷ്‌കരണത്തിന് 2014 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാവും. മന്ത്രിസഭാ ഉപസമിതി നിര്‍ദേശിച്ച മൂന്നു ഭേദഗതികള്‍ വരുത്തിയാണ് കമ്മീഷന്‍ റിപോര്‍ട്ടിന് അംഗീകാരം നല്‍കിയത്.
പുതിയ ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടിയിരുന്ന 2014 ജൂലൈ 1നു ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ 500 രൂപ കുറവു ചെയ്തു. കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനു പകരം 2017 ഏപ്രില്‍ 1 മുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി വിതരണം ചെയ്യും. ഇതുപ്രകാരം ശമ്പളത്തില്‍ 2000 മുതല്‍ 12,000 രൂപയുടെ വരെ വര്‍ധന വരുത്തി. 2014 ജൂലൈ മുതല്‍ 2016 ഫെബ്രുവരി വരെയുള്ള ശമ്പള-പെന്‍ഷന്‍ കുടിശ്ശികകളായിരിക്കും 01-04-2017 മുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി വിതരണം ചെയ്യുക.
മുന്‍കാല പരിഷ്‌കരണങ്ങളില്‍ ശമ്പള കുടിശിക നാലു മുതല്‍ അഞ്ചുവരെ വര്‍ഷം കൊണ്ടാണ് നല്‍കിയിരുന്നത്. എന്നാല്‍, ഇക്കുറി രണ്ടര വര്‍ഷം കൊണ്ട് മുഴുവന്‍ കുടിശ്ശികയും പിഎഫില്‍ ലയിപ്പിക്കാതെ പലിശ ഉള്‍പ്പെടെ പണമായി നല്‍കും. പെന്‍ഷന്‍ കുടിശ്ശികയും ഇതേ രീതിയില്‍ നല്‍കും.
ഇതാദ്യമായാണ് പെന്‍ഷന്‍ കുടിശ്ശികയ്ക്ക് പലിശ നല്‍കുന്നത്. 10 വര്‍ഷത്തേക്കുള്ള ശുപാര്‍ശയാണ് കമ്മീഷന്‍ നല്‍കിയതെങ്കിലും അഞ്ചു വര്‍ഷത്തെ കാലാവധി മാത്രമാണ് ഈ തീരുമാനത്തിനുള്ളത്. ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിനു പ്രതിവര്‍ഷം 7,222 കോടിയുടെ ബാധ്യതയായിരിക്കും ഉണ്ടാവുകയെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധിയും തത്ത്വത്തില്‍ അംഗീകരിച്ചു. ഫുള്‍ പെന്‍ഷനുള്ള സര്‍വീസ് 30 വര്‍ഷമായി തുടരും. മാസ്റ്റര്‍ സ്‌കെയില്‍ മിനിമം 16,500 രൂപയാക്കി അംഗീകരിച്ചു. എന്നാല്‍, ശമ്പള പരിഷ്‌കരണ തിയ്യതിക്കു മുമ്പ് സര്‍വീസിലുള്ളവര്‍ക്ക് ഇതു ബാധകമാവില്ല.
ഉയര്‍ത്തി നല്‍കല്‍ (ജംപിങ്) നിലവിലെ സ്‌കെയിലായ 24,040-38,840 സ്‌കെയിലുകളില്‍ മാത്രമായി പരിമിതപ്പെടുത്തി. ഇവര്‍ക്കും ഒരു ഉയര്‍ത്തല്‍ മാത്രമേ നല്‍കൂ. ഇതിനു മുകളിലുള്ള സ്‌കെയിലുകളില്‍ വര്‍ധന അനുവദിക്കില്ല. നിലവിലുള്ള ഹയര്‍ഗ്രേഡുകളിലെ ശുപാര്‍ശ ചെയ്ത വര്‍ധന 2:1 (കുറഞ്ഞ സ്‌കെയിലുകള്‍ക്ക്), 3:1 (ഉയര്‍ന്ന സ്‌കെയിലുകള്‍ക്ക് 24,040-38,840 മുതല്‍) എന്നിങ്ങനെ പരിമിതപ്പെടുത്തി.
പുതിയ ശമ്പളം നിര്‍ണയിക്കുമ്പോള്‍ മിനിമം ആനുകൂല്യം 2000ഉം പരമാവധി ആനുകൂല്യം 12,000 രൂപയുമാവും. പുതുക്കിയ ശമ്പളത്തോടൊപ്പം 2015 ജനുവരി 1 മുതലുള്ള 3 ശതമാനവും ജൂലൈ മുതലുള്ള 6 ശതമാനവും ക്ഷാമബത്ത നല്‍കും.
Next Story

RELATED STORIES

Share it