റിട്ട. എസ്പിയുടെ നേതൃത്വത്തില്‍ സമാന്തര പോലിസ് സ്‌റ്റേഷന്‍

കൊച്ചി: റിട്ട. എസ്പിയുടെ നേത്യത്വത്തില്‍ ഹൈക്കോടതിക്ക് സമീപം സമാന്തര പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍. സ്വകാര്യ അന്വേഷണ ഏജന്‍സിയുടെ മറവില്‍ പോലിസ് സ്‌റ്റേഷനാണ് റിട്ട. എസ്പി സുനില്‍ ജേക്കബ് നടത്തുന്നതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി ഹൈക്കോടതിയെ അറിയിച്ചു.

തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മധ്യ മേഖലാ ഐജിയായിരുന്ന എം ആര്‍ അജിത് കുമാറിനെതിരേ സുനില്‍ ജേക്കബ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാറിന്റെ വിശദീകരണം. തുടര്‍ന്ന് വിശദീകരണം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഡിജിപിയോട് ആവശ്യപ്പെട്ടു.
2009 മുതല്‍ 2011 വരെയും പിന്നീട് 2011 ജൂലൈ മുതല്‍ 2013 ഏപ്രില്‍ വരെയും കൊച്ചി അസിസ്റ്റന്റ് കമ്മിഷണറായിരിക്കെ ഐജിയുടെ കീഴില്‍ പ്രവര്‍ത്തിച്ച കാലത്താണ് ഐജിക്ക് തന്നോട് വ്യക്തിവൈരാഗ്യമുണ്ടായതെന്ന് ഹരജിയില്‍ പറയുന്നു. ട്രിനിറ്റി ബില്‍ഡേഴ്‌സ് കേസില്‍ ഐജിയുടെ താല്‍പര്യപ്രകാരം ചില കക്ഷികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കാതിരുന്നതും സോളാര്‍ കേസില്‍ പ്രതി സരിതയുമായി ഐജിക്ക് ബന്ധമുണ്ടെന്ന ആരോപണം സംബന്ധിച്ച് അറിയാവുന്ന വിവരം താന്‍ അന്വേഷണ സംഘത്തിന് കൈമാറിയതുമാണ് ഐജിക്ക് ശത്രുതയ്ക്ക് കാരണം. ബ്ലൂ ബ്ലാക് മെയില്‍ കേസില്‍ തന്റെ പ്രതിഛായ തകര്‍ക്കുന്ന രീതിയില്‍ ഐജി പത്രപ്രസ്താവന നടത്തി. വിരമിച്ച ശേഷം താന്‍ തുടങ്ങിയ സ്വകാര്യ അന്വേഷണ ഏജന്‍സി സ്ഥാപനത്തില്‍ അനാവശ്യമായി റെയ്ഡ് നടത്തി ദ്രോഹിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് റിട്ട. എസ്പി കോടതിയെ സമീപിച്ചത്. എന്നാല്‍, 2014 ഡിസംമ്പര്‍ 31ന് സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനും ഹൈക്കോടതിക്കും തൊട്ടടുത്ത കെട്ടിടത്തില്‍ അന്വേഷണ ഏജന്‍സി തുടങ്ങുകയാണ് റിട്ട. ഉദ്യോഗസ്ഥന്‍ ചെയ്തതെന്ന് ഡിജിപി കോടതിയെ അറിയിച്ചു.
സര്‍വീസില്‍ 20 വര്‍ഷത്തോളം എറണാകുളത്ത്തന്നെ സേവനം അനുഷ്ഠിച്ച മുന്‍ ഉദ്യോഗസ്ഥന് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. സര്‍വീസിലിരിക്കെ തന്റെ അന്വേഷണത്തിലുണ്ടായിരുന്ന കേസുകളിലെ കക്ഷികളെ വിളിച്ചുവരുത്തി ഗുണ്ടകളുടെ സഹായത്തോടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്തിരുന്നത്. തന്റെ കീഴുദ്യോഗസ്ഥരായിരുന്ന ഇപ്പോഴും സര്‍വീസിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇയാള്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുണ്ട്. ഹരജിക്കാരന്‍ ഐജിക്കെതിരേയും മറ്റും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഡിജിപി കോടതിയെ അറിയിച്ചു.
Next Story

RELATED STORIES

Share it