Flash News

റഷ്യന്‍ ഇടപെടല്‍ : കുറ്റപത്രത്തിന് അംഗീകാരം



വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണത്തില്‍ ആദ്യഘട്ട കുറ്റപത്രത്തിന് ഫെഡറല്‍ കോടതി അംഗീകാരം നല്‍കി. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. കുറ്റപത്രത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എന്തൊക്കെ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയതെന്നുമുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കുറ്റപത്രത്തിലുള്‍പ്പെട്ടവരെ ഈമാസം 30ഓടുകൂടി കസ്റ്റഡിയിലെടുക്കുമെന്നും സിഎന്‍എന്‍ റിപോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് അനുകൂലമായി റഷ്യന്‍ ഇടപെടലുണ്ടായതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ വര്‍ഷം ജനുവരിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ട്രംപിന്റെ പ്രചാരണ സംഘാംഗങ്ങളും റഷ്യന്‍ ഉദ്യോഗസ്ഥരുമായി തിരഞ്ഞെടുപ്പു കാലത്ത് ബന്ധപ്പെട്ടിരുന്നോ എന്നത് സംബന്ധിച്ചാണ് റോബര്‍ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധിക്കുന്നത്. കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കും മറ്റു നിയമ ലംഘനങ്ങള്‍ക്കുമുള്ള സാധ്യതയും അന്വേഷണത്തിന്റെ പരിധിയില്‍ പെടുന്നു. ഈ വര്‍ഷം മേയിലാണ് യുഎസ് നിയമവകുപ്പ് മുള്ളറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. റഷ്യന്‍ ഇടപെടലിനെക്കുറിച്ച്്് അന്വേഷണത്തിനു നേതൃത്വം നല്‍കിയ എഫ്ബിഐ മേധാവി ജെയിംസ് കോമിയെ ട്രംപ് പിരിച്ചുവിട്ടിരുന്നു.
Next Story

RELATED STORIES

Share it